നിധീഷ് നീതുവിന്റെ ജീവനെടുത്തു എന്നത് വിശ്വസിക്കാനാകാതെ വിങ്ങിപ്പൊട്ടുകയാണ് നിധീഷിന്റെ അമ്മ രത്നകുമാരി. നീതുവിനെ മരുമോളായി ഞങ്ങള്‍ എന്നേ സങ്കല്പ്പിച്ചു കഴിഞ്ഞതാണ്. മോളേന്നേ വിളിക്കാറുള്ളൂ.
ഫേസ്ബുക്കില്‍ അവനെ ഇങ്ങോട്ടു വന്നാണ് മോള് പരിചയപ്പെട്ടതും പിന്നീട് പ്രണയത്തിലായതും. ഒരു ദിവസം അവന് തന്നെ മോളെ വീട്ടിലേയ്ക്ക് നേരിട്ട് കൊണ്ടു വന്നാണ് ഞങ്ങള്‍ക്ക് പരിചയപ്പെടുത്തിയത്. സത്യത്തില്‍ അന്ന് എനിക്ക് ഇഷ്ടമായിരുന്നില്ല.
പക്ഷേ, മോളുടെ പെരുമാറ്റവും അച്ഛനും അമ്മയും ഇല്ലാത്ത കുട്ടിയല്ലേ എന്ന വിചാരവും കൊണ്ട് കൂടുതല്‍ ഇഷ്ടം തോന്നി. എന്റെ രണ്ടാമത്തെ മകന് വിദേശത്താണ്. അവന് നാട്ടില്‍ വന്നപ്പോള്‍ ഒരു വാച്ച് തന്നിരുന്നു. കുട്ടികള്‍ക്ക് കെട്ടാന്‍ പറ്റുന്ന വാച്ചായിരുന്നു അത്. മോള്‍ക്ക് കൊടുക്കാനായി തിങ്കളാഴ്ച ആ വാച്ച് മകന്റെ കയ്യില്‍ കൊടുത്തു വിട്ടിരുന്നു. കഴിഞ്ഞ ദിവസവും മോള് മെസേജ് അയച്ചിരുന്നു. ‘വാച്ച് ഇഷ്ടമായീട്ടോ അമ്മേ’ എന്നായിരുന്നു ആ മെസേജ്. പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ല.
രാവിലെ എന്റെ സഹോദരന് ഫോണില്‍ വിളിച്ച് നീധീഷ് എവിടെയെന്ന് ചോദിച്ചു. അവന് ജോലിക്ക് പോയെന്ന് പറഞ്ഞപ്പോള്‍ ചേച്ചി ടി.വി ഒന്ന്വെച്ചു നോക്കാന്‍ പറഞ്ഞു. വാര്‍ത്ത കണ്ടപ്പോള്‍ തകര്‍ന്നു പോയി. വിശ്വസിക്കാനാകുന്നില്ല. പൊട്ടിക്കരഞ്ഞുകൊണ്ട് നിധീഷിന്റെ അമ്മ പറയുന്നു.
കഴിഞ്ഞമാസം നിതീഷിന് എറണാകുളത്തുള്ള ആശുപത്രിയില്‍ എട്ടുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടത്തിയിരുന്നു. ട്രീറ്റ്മെന്റ് ചെയ്ത ഡോക്ടര്‍ ദുബായിലാണ്. അടുത്ത സര്‍ജറി ആഗസ്റ്റിലാണ്. ഹൈ ടെന്‍ഷന്‍ കാരണം തലയിലെ ഞെരമ്പുകളില്‍ ചിലതില്‍ രക്തം കട്ടപിടിക്കുന്ന രോഗമാണ്. ഇതുമൂലം വായിലൂടെയും മൂക്കിലൂടെയും രക്തം പുറത്തുവരും.
അച്ഛന് രണ്ടുതവണ അറ്റാക്ക് കഴിഞ്ഞതിനാല്‍ വീട്ടില്‍ അവന് ഇക്കാര്യം അറിയിച്ചിരുന്നില്ല. സുഹൃത്തുക്കളുമായി ചേര്‍ന്ന് തനിയെ ആണ് അവന് സര്‍ജറി നടത്തിയത്. എന്തോ ക്ലാസ് അറ്റന്‍ഡ് ചെയ്യാനാണെന്ന് പറഞ്ഞിട്ടാണ് എന്റെ കൈയില്‍ നിന്ന് അവന് പണം വാങ്ങിയത്. ശസ്ത്രക്രിയക്കുശേഷം അവന് ചെറിയ മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്.
എന്താണ് വിവാഹ അഭ്യര്‍ത്ഥന നിരസിക്കാനുള്ള കാരണം എന്നെനിക്കറിയില്ല.അവനൊരു ടെന്‍ഷന്‍ ഉണ്ടായിരുന്നു അവള് നഷ്ടപ്പെടുമോയെന്ന്… ഞാനിപ്പോഴും എന്റെ മോളുടെ പക്ഷത്താണ്. വാക്കുകള്‍ മുഴുമിപ്പിക്കാനാകാതെ നിധീഷിന്റെ അമ്മ പറയുന്നു.