തിരുവനന്തപുരം: ഗാന്ധാരിയമ്മൻ കോവിലിലെ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണ് യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിന് പരിക്കേറ്റ സംഭവത്തിൽ വിശദീകരണവുമായി ക്ഷേത്രം അധികൃതർ രംഗത്തെത്തി. പഞ്ചസാര കൊണ്ടായിരുന്നു ശശി തരൂർ തുലാഭാര വഴിപാട് നടത്തിയത്. നിർദ്ദേശം അനുസരിക്കാതെ പ്രവർത്തകർ ആവശ്യത്തിലധികം പഞ്ചസാര തുലാഭാരത്തട്ടിൽ എടുത്തുവച്ചെന്ന് ക്ഷേത്രം സെക്രട്ടറി ആർ പി നായർ വിശദീകരിച്ചു.
കൂടാതെ പ്രവർത്തകർ ചങ്ങലയിൽ പിടിച്ചു തൂങ്ങുകയും ചെയ്തു. ഇതിനിടെ ഭാരം താങ്ങാൻ വച്ചിരുന്ന സ്റ്റൂൾ ആരോ എടുത്തുമാറ്റിയെന്നും ക്ഷേത്രം സെക്രട്ടറി പറഞ്ഞു. പെട്ടെന്ന് ഭാരം വന്നപ്പോൾ ചങ്ങലയുടെ കൊളുത്ത് നിവർന്ന് ത്രാസ് പൊട്ടുകയായിരുന്നുവെന്നും ക്ഷേത്രം സെക്രട്ടറി പറഞ്ഞു.
അതേസമയം തലയിൽ പരുക്കേറ്റ ശശി തരൂരിനെ കൂടുതൽ പരിശോധനകൾക്കായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.