ഞാന്‍ മാപ്പ് പറഞ്ഞെന്ന് ടിക്കാറാം മീണ വെറുതെ പറയുന്നത്: പി.എസ് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം : താന്‍ വിളിച്ച് മാപ്പു പറഞ്ഞുവെന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ടിക്കാറാം മീണയുടെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. താന്‍ രണ്ട് തവണ മാപ്പ് പറഞ്ഞിട്ടില്ലെന്നും ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാണ് ടിക്കാറാം മീണയെ ഫോണില്‍ വിളിച്ചതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ സുരേഷ്‌ഗോപിക്ക് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന്റെ പേില്‍ ജില്ലാ കളക്ടര്‍ക്ക് നേരെ വഴിവിട്ട ചില വാക്കുകള്‍ ചിലരില്‍ നിന്ന് ഉണ്ടായ സാഹചര്യത്തില്‍ ഇത് തുടരാന്‍ പാടില്ലെന്ന് താന്‍ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് സംവിധാനവുമായി ഏറ്റുമുട്ടലിന് ബിജെപി ഇല്ലെന്നും തെരഞ്ഞെടുപ്പ് സുഗമമായി നടക്കണമെന്നും പറഞ്ഞതിനെ മാപ്പ് പറഞ്ഞതായി ചിത്രീകരിച്ചതാണെന്നും ശ്രീധരന്‍ പിള്ള പറയുന്നു.

ശ്രീധരന്‍ പിള്ള തന്നോട് ഫോണില്‍ മാപ്പ് ചോദിച്ചതാണെന്നും എന്നിട്ട് പുറത്തു പോയി വിഡ്ഡിത്തം പറയുകയാണെന്നും ടിക്കാറാം മീണ പ്രതികരിച്ചിരുന്നു.