നോര്‍വെ : ചാരപ്രവര്‍ത്തനത്തിനായി റഷ്യ തിമിംഗലത്തെ ഉപയോഗിക്കുന്നുവെന്ന് നോര്‍വെ. റഷ്യന്‍ നാവിക സേനയുടെ പരിശീലനം സിദ്ധിച്ച ബെലൂഗ തിമിംഗലത്തെയാണ് നോര്‍വെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. റഷ്യന്‍ സൈന്യത്തില്‍ കുതിരകള്‍ക്ക് ഉപയോഗിക്കുന്ന പ്രത്യേകതരം കടിഞ്ഞാണ്‍ ധരിച്ച തിമിംഗലമാണ് നോര്‍വേയുടെ പടിയിലുള്ളത്.
തിമിംഗലത്തിന്റെ കടിഞ്ഞാണില്‍ പ്രത്യേകതരം ഗോപ്രോ ക്യാമറ ഘടിപ്പിച്ചിരുന്നു. ഈ ക്യാമറയില്‍ സെയ്ന്റ് പീറ്റേഴ്‌സ് ബര്‍ഗിന്റെ പേരുള്ള ലേബല്‍ ഘടിപ്പിച്ചിട്ട് നോര്‍വീജിയന്‍ അധികൃതര്‍ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. നോര്‍വീജിയന്‍ മത്സ്യബന്ധന തൊഴിലാളികളാണ് തിമിംഗലത്തെ ആദ്യം കണ്ടെത്തിയത്.
അസ്വാഭാവികമായി മത്സ്യബന്ധന ബോട്ടിന് പിന്നാലേ കൂടിയ തിമിംഗലത്തെ തൊഴിലാളികള്‍ ശ്രദ്ധിച്ചപ്പോഴാണ് ക്യാമറ കണ്ടത്. തുടര്‍ന്ന് ഇവര്‍ തിമിംഗത്തിന്റെ ശരീരത്തിന്റെ ഘടിപ്പിച്ച കാമറ നീക്കം ചെയ്തു.