സിവില്‍ സര്‍വീസ് പരീക്ഷയില്‍ ചരിത്രനേട്ടം കുറിച്ച് മലയാളി ആദിവാസി യുവതി. കുറിച്യ സമുദായാംഗമായ വയനാട് പൊഴുതന ഇടിയംവയല്‍ അമ്പളക്കൊല്ലിയിലെ 25 കാരിയായ ശ്രീധന്യ സുരേഷാണ് യു.പി.എസ്.സി. പരീക്ഷയില്‍ 410-ാം റാങ്ക് കരസ്ഥമാക്കി കേരളത്തിന്റെ അഭിമാനമായത്. കുറിച്യ വിഭാഗത്തില്‍നിന്നുള്ള വനിത സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതവിജയം നേടുന്നത് ആദ്യമായാണ്. അമ്പളക്കൊല്ലി സുരേഷ്- കമല ദമ്പതികളുടെ മകളാണു ശ്രീധന്യ. കൂലിപ്പണിക്കാരാണ് മാതാപിതാക്കള്‍.
മൂത്ത സഹോദരി സുഷിതയും അനുജന്‍ ശ്രീരാഗും അടങ്ങുന്നതാണു ശ്രീധന്യയുടെ കുടുംബം. തരിയോട് നിര്‍മല ഹൈസ്‌കൂളില്‍നിന്നു 85 ശതമാനത്തിലധികം മാര്‍ക്കോടെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ വിജയം നേടിയ ശ്രീധന്യ തരിയോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്നാണ് പ്ലസ് ടു ജയിച്ചത്. കോഴിക്കോട് ദേവഗിരി കോളജില്‍ നിന്ന് സുവോളജിയില്‍ ബി.എസ്.സി ബിരുദവും അപ്ലൈഡ് സുവോളജിയില്‍ ഇവിടെനിന്നു തന്നെ ബിരുദാനന്തര ബിരുദവും നേടി.
പിന്നീട് എട്ടു മാസത്തോളം വയനാട് എന്‍ ഊരു ടൂറിസം പദ്ധതിയില്‍ അസിസ്റ്റന്റായി ജോലി ചെയ്തു. തുടര്‍ന്നാണ് സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിനു ചേര്‍ന്നത്. രണ്ടു വര്‍ഷത്തോളം ആ ആഗ്രഹം പൂര്‍ത്തീകരിക്കാനുള്ള ശ്രമമായിരുന്നു. ജോലി ഉപേക്ഷിച്ചായിരുന്നു ലക്ഷ്യം നേടാന്‍ ശ്രീധന്യ ഇറങ്ങിത്തിരിച്ചത്. മലയാളമാണ് പരീക്ഷയില്‍ ഐശ്ചിക വിഷയമായി ശ്രീധന്യ തിരഞ്ഞെടുത്തത്. ചെറുപ്പം മുതല്‍ മലയാളത്തോടുള്ള പ്രിയം തന്നെയാണ് ഇതിന് കാരണവും.
മൂന്നാം ശ്രമത്തിലാണ് സിവില്‍ സര്‍വീസിന്റെ ആദ്യ ഘട്ടം താണ്ടിയത്. ഇന്റര്‍വ്യൂ അഭിമുഖീകരിച്ച ആദ്യ വര്‍ഷം തന്നെ നേട്ടത്തിലേക്കെത്തുകയും ചെയ്തു. തിരുവനന്തപുരംസിവില്‍ സര്‍വീസ് എക്‌സിമിനേഷന്‍ ട്രെയിനിങ് സൊസൈറ്റിക്കു കീഴിലായിരുന്നു പരിശീലനം. കുറിച്യ വിഭാഗക്കാരിയായ ശ്രീധന്യ വയനാട് പൊഴുതന സ്വദേശിനിയാണ്. കുറിച്യവിഭാഗത്തില്‍ നിന്ന് സിവില്‍സര്‍വീസ് പരീക്ഷാവിജയം നേടുന്ന ആദ്യത്തേയാളാണ് ശ്രീധന്യ. വയനാടുകാരി ആയതുകൊണ്ടുതന്നെ പ്രളയമായിരുന്നു അഭിമുഖത്തില്‍ നേരിട്ട ചോദ്യങ്ങളിലൊന്ന്.
താന്‍ ഐഎഎസ് സ്വപ്‌നത്തിലേയ്ക്ക് എത്തപ്പെട്ടത് എങ്ങനെയെന്നും ശ്രീധന്യ പറയുന്നു. 2016ല്‍ പിജി കഴിഞ്ഞ് ഒരു ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ വര്‍ക്ക് ചെയ്യുന്ന സമയത്ത് അന്നത്തെ സബ് കളക്ടറായിരുന്ന ശ്രീറാം സാംബശിവറാവു ടിആര്‍ഡിഎമ്മിന്റെ മീറ്റിങിനിടയ്ക്ക് അവിടേയ്ക്ക് വന്നു. ആ സമയത്ത് അവിടെ ഉണ്ടായിരുന്ന അത്രയും ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന് കൊടുത്ത റെസ്‌പെക്റ്റ്… അത് കണ്ടിട്ടാണ് എന്റെയുള്ളില്‍ എപ്പൊഴോ ഉണ്ടായിരുന്ന സ്പാര്‍ക്ക് കത്താന്‍ തുടങ്ങിയത്. ആ വര്‍ഷം തന്നെ ഞാന്‍ ആ ജോലി രാജിവെച്ചു. പിന്നെ സിവില്‍ സര്‍വീസ് പഠനത്തിനായി തിരുവനന്തപുരത്തേയ്ക്ക് വന്നു.
ഇത്രയും ട്രൈബല്‍സ് ഉള്ള വയനാട്ടില്‍ നിന്നും ഇതുവരെ ഒരു ട്രൈബല്‍ ഐഎഎസ് ഉണ്ടായിട്ടില്ല. അത്രയും പ്രതിസന്ധികള്‍ തരണം ചെയ്തുകൊണ്ട് ഒരു ട്രൈബല്‍ ഐഎഎസ് വരുന്നത് പുതു തലമുറകള്‍ക്ക് വലിയ പ്രചോദനമായിരിക്കും. അതുകൊണ്ടാണ് ഇത് തെരഞ്ഞെടുക്കുന്നത്. പിന്നെ ഗ്രൗണ്ട് റിയാലിറ്റി അറിയുന്നവര്‍ക്ക് നല്ല രീതിയില്‍ കോഴ്‌സ് ഫോര്‍മുലേറ്റ് ചെയ്യാനൊക്കെ പറ്റു. അതുകൊണ്ടാണ് ഐഎഎസ് എന്ന സ്വപ്‌നത്തിലേയ്ക്ക് വന്നതെന്നും ശ്രീധന്യ അഭിമാനത്തോടെ പറയുന്നു.