ന്യൂഡല്‍ഹി: അഭ്യൂഹങ്ങള്‍ക്ക് വിരാമം… ബാലാകോട്ട് വ്യോമാക്രമണവും പാകിസ്താന്റെ വിഫലമായ തിരിച്ചടിനീക്കവും വിവരിച്ച് ഇന്ത്യന്‍ വ്യോമസേനയുടെ ഔദ്യോഗിക റിപ്പോര്‍ട്ട് എത്തിയിരിക്കുന്നു…
കെട്ടിടങ്ങള്‍ അപ്പാടെ തകര്‍ക്കുന്ന തരത്തിലുള്ള ബോംബുകളല്ല ആക്രമണത്തിന് ഉപയോഗിച്ചത്. ലക്ഷ്യസ്ഥാനം മുന്‍കൂട്ടി സെറ്റ് ചെയ്യുന്ന ”സ്പൈസ് 2000” ബോംബുകളാണു ബാലാകോട്ടില്‍ ഉപയോഗിച്ചത്. കെട്ടിടത്തിന്റെ മേല്‍ക്കൂര തുളച്ച് അകത്തുകടക്കുന്ന ഇവ ഉള്ളിലുള്ള ജീവനുള്ളതിനെയെല്ലാം കരിച്ചുകളയുന്നതാണ്. ബാലാകോട്ടില്‍ ഭീകരപരിശീലനകേന്ദ്രം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനു തകരാറില്ലെന്ന പാകിസ്താന്റെ അവകാശവാദത്തിനു റിപ്പോര്‍ട്ട് കൃത്യമായ മറുപടി നല്കുന്നു. ചില രാജ്യാന്തര പ്രസിദ്ധീകരണങ്ങളും ഇന്ത്യയുടെ അവകാശവാദങ്ങള്‍ ചോദ്യംചെയ്ത് രംഗത്തുവന്നിരുന്നു.
പുല്‍വാമ ഭീകരാക്രമണത്തിനുശേഷം പാകിസ്താനിലെ ബാലാകോട്ടില്‍ കഴിഞ്ഞ ഫെബ്രുവരി 26-ന് ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെ ”തന്ത്രപരമായ അത്ഭുതം” എന്നാണു റിപ്പോര്‍ട്ടില്‍ വിശേഷിപ്പിക്കുന്നത്. വ്യോമസേനയിലെ ആറായിരത്തോളം പേര്‍ക്കു ദൗത്യത്തെപ്പറ്റി അറിയാമായിരുന്നെങ്കിലും യാതൊരു വിധത്തിലുള്ള വിവരച്ചോര്ച്ചയുമുണ്ടായില്ല. ആക്രമണത്തിന്റെ ആസൂത്രണം അത്ര സൂക്ഷ്മവും സമ്പൂര്ണവുമായിരുന്നെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.
ആക്രമണത്തിന് ഇന്ത്യ ഉപയോഗിച്ച റഷ്യന്‍ നിര്‍മിത മിറാഷ്-2000 വിമാനങ്ങളില്‍നിന്നു സ്പൈസ് ബോംബുകള്‍ പ്രയോഗിക്കാന്‍ സംവിധാനമില്ല. തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ചാണു ബാലാകോട്ട് ആക്രമണത്തിനു മിറാഷില്‍ സ്പൈസ് ബോംബുകള്‍ സജ്ജമാക്കിയത്. ഇന്ത്യന്‍ വിമാനങ്ങള്‍ ബോംബ് വര്‍ഷിച്ച് 10 മിനിട്ടിനുശേഷമാണു പാകിസ്താന് വിവരമറിഞ്ഞത്. ആക്രമണം പ്രതിരോധിക്കാന്‍ എട്ടു കേന്ദ്രങ്ങളില്‍നിന്നു പാക് പോര്‍വിമാനങ്ങള്‍ പറന്നുയര്ന്നപ്പോഴേക്ക് ഇന്ത്യന്‍ വിമാനങ്ങള്‍ സുരക്ഷിതമായി തിരിച്ചെത്തിയിരുന്നു.
ആക്രമണത്തിനു മുന്നോടിയായി സുഖോയ് 30 പോര്‍വിമാനങ്ങള്‍ ജെയ്ഷെ മുഹമ്മദ് ആസ്ഥാനമായ ബഹാവല്‍പൂരിനെ ലക്ഷ്യമിട്ടു പറന്നത് പാകിസ്താന്റെ ശ്രദ്ധതിരിച്ചു. ബാലാകോട്ടില്‍ എത്ര ലക്ഷ്യസ്ഥാനങ്ങളുണ്ടായിരുന്നെന്ന് ആദ്യമായാണു വ്യോമസേന വെളിപ്പെടുത്തുന്നത്. ദൗത്യത്തിന്റെ നേട്ടങ്ങളും കോട്ടങ്ങളും അതില്‍നിന്നു പഠിച്ച പാഠങ്ങളും വിവരിക്കുന്ന റിപ്പോര്‍ട്ട് വ്യോമസേനയുടെ ഉന്നതതലയോഗം ചര്‍ച്ചചെയ്തു. ഭാവിദൗത്യങ്ങള്‍ക്ക് ഈ റിപ്പോര്‍ട്ട് ഒരു പാഠപുസ്തകമാണെന്നാണു വിലയിരുത്തല്‍.