സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് യാതൊരു വിധ വിശ്വാസ്യതയുമില്ലെന്ന കാര്യം അനുദിനമെന്നവണ്ണം കാണുകയും അറിയുകയും ചെയ്യുന്ന കാര്യങ്ങളില്‍ നിന്നു തന്നെ വ്യക്തമാണ്. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നവയാണ്, പ്രചരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവയില്‍ പലതും. തെരഞ്ഞെടുപ്പ് കാലമടുക്കുമ്പോള്‍ സമാനമായ രീതിയില്‍ പ്രചരിക്കുന്ന ഒന്നാണ് കള്ളവോട്ട് ചെയ്യാനായി നിര്‍മിച്ചിരിക്കുന്ന വിരലുകള്‍ എന്ന പേരിലുള്ളത്.
രാജ്യത്ത് ലോക്സഭാ തെരഞ്ഞെടുപ്പില്‍ കള്ള വോട്ട് ചെയ്യാനായി ഉണ്ടാക്കിയതെന്ന പേരില്‍ തയ്യാറാക്കിയ കൃത്രിമ വിരലുകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് അടുത്തതോടെ ഇവയില്‍ പല പോസ്റ്റുകളും വൈറലുമാണ്.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ ചിത്രത്തിന്റെ ഉറവിടം ജപ്പാനാണ്. ജപ്പാനിലെ യാക്കുസ എന്നറിയപ്പെടുന്നതിന്റെ ഭാഗമായ ഗുണ്ടകള്‍ യുബിറ്റ്സുമി എന്ന് അറിയപ്പെടുന്ന ഒരു ആചാരത്തിന്റെ ഭാഗമായി തങ്ങളുടെ വിരലുകള്‍ മുറിച്ചു കളഞ്ഞിരുന്നു. ഗുണ്ടാപ്രവര്‍ത്തനം അവസാനിപ്പിച്ചവര്‍ക്കുള്ള സഹായത്തിനായാണ് ഈ വിരലുകള്‍ രൂപപ്പെടുത്തിയത്. ഇതിന് രാജ്യത്തെ തെരഞ്ഞെടുപ്പുമായി ബന്ധമില്ല.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ ഒന്നു സെര്‍ച്ച് ചെയ്തു നോക്കിയാല്‍ സത്യം മനസ്സിലാക്കാം. ഡെസിപ്റ്റോളജി എന്ന തലക്കെട്ടിലുള്ള ഒരു ആര്‍ട്ടിക്കിളാണ് ഗൂഗിളില്‍ ലഭ്യമാകുന്നത്. ജപ്പാനിലെ യാക്കുസ ഗ്യാങ്സറ്റര്‍മാരെ കൃത്രിമ വിരലുകള്‍ എങ്ങനെയാണ് സഹായിക്കുന്നത് എന്നതിനെ സംബന്ധിച്ച എബിസി റിപ്പോര്‍ട്ടും ഗൂഗിളില്‍ ലഭ്യമാണ്. 2013ല്‍ പ്രസിദ്ധീകരിച്ചതാണ് ഈ ലേഖനം.
ഇതു കൂടാതെ 2017ല്‍ മലേഷ്യയിലെ തെരഞ്ഞെടുപ്പ് കമ്മീഷനും ഈ വിരലുകള്‍ കള്ളവോട്ട് ചെയ്യാനായി രൂപപ്പെടുത്തിയതാണെന്ന ആരോപണം തള്ളിക്കളയുന്ന പത്ര റിപ്പോര്‍ട്ടുകളും ഗൂഗിളില്‍ ലഭ്യമാണ്.
കള്ളവോട്ട് ചെയ്യാനായി നിര്‍മിച്ചതെന്ന പേരില്‍ പ്രചരിക്കുന്ന കൃത്രിമ വിരലുകള്‍ക്ക് തെരഞ്ഞെടുപ്പുമായി ബന്ധമില്ല. ഇവയുടെ ഉറവിടം ജപ്പാനാണ്. വിരലുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് സഹായത്തിനായി രൂപപ്പെടുത്തിയിരിക്കുന്നവയാണ് ഈ കൃത്രിമ വിരലുകള്‍. കൃത്രിമ വിരലുകള്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഉപയോഗിച്ചതിന്റെ സൂചനകളൊന്നും അടുത്ത കാലത്ത് ഇറങ്ങിയ ഒരു റിപ്പോര്ട്ടുകളിലുമില്ല.