തിരുവനന്തപുരം: വിഎസ് സര്‍ക്കാരിന്റെ കാലത്ത് തള്ളിയ ശുപാര്‍ശ പുനരുജ്ജീവിപ്പിച്ച് പിണറായി സര്‍ക്കാര്‍ സ്വന്തമായി ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കാന്‍ ഒരുങ്ങുന്നു. ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ക്കായി നാളെ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം ചേരും.
ഡിജിപിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ അടിയന്തിര സാഹചര്യങ്ങളില്‍ ഉള്‍പ്പെടെ ഉപയോഗപ്പെടുത്താനായി ഹെലികോപ്ടര്‍ വാടകയ്‌ക്കെടുക്കുന്നത് പരിഗണിക്കുന്നത്.
മാവോയിസ്റ്റ് വിരുദ്ധ പോരാട്ടത്തിനും, പ്രകൃതിക്ഷോഭങ്ങളുണ്ടാകുമ്പോള്‍ അടിയന്തിര സേവനങ്ങളെത്തിക്കാനും ഹെലികോപ്ടര്‍ വാടകയ്‌ക്കെടുക്കുകയോ, വാങ്ങുകയോ ചെയ്യണമെന്നായിരുന്നു ഡിജിപിയുടെ ശുപാര്‍ശ. ചിപ്‌സണ്‍, പവന്‍ഹാസന്‍സ് കോര്‍പറേഷന്‍ എന്നീ രണ്ടു കമ്പനികള്‍ പോലീസിനെ സമീപിച്ചതോടെ ഒരു കമ്പനിക്ക് കരാര്‍ നല്‍കണമെന്ന പോലീസ് ആസ്ഥാനത്തെ ശുപാര്‍ശ ആഭ്യന്തര വകുപ്പ് ആദ്യം നിരാകരിച്ചിരുന്നു ഇതേതുടര്‍ന്ന് കരാര്‍, സാമ്പത്തിക കാര്യങ്ങള്‍ എന്നിവയില്‍ തീരുമാനമെടുക്കാന്‍ ചീഫ് സെക്രട്ടറിതല യോഗം വിളിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
നാളെ നടക്കുന്ന യോഗത്തില്‍ ചീഫ് സെക്രട്ടറിയെ കൂടാതെ ആഭ്യന്തര സെക്രട്ടറി, ഡിജിപി, പൊതുഭരണ സെക്രട്ടറി, വ്യോമയാന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ എന്നിവരും പങ്കെടുക്കും. വിഎസ് സര്‍ക്കാരിന്റെ കാലത്ത് തള്ളിക്കളഞ്ഞ ശുപാര്‍ശയാണ് ഇപ്പോള്‍ വീണ്ടും പരിഗണിക്കുന്നത്.