വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന് സമൂഹമാധ്യമങ്ങളില്‍ അക്കൗണ്ടില്ലെന്ന് വ്യോമസേന; പ്രചരിക്കുന്നത് വ്യജന്മാര്‍

ന്യൂഡല്‍ഹി: വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന് സമൂഹ മാധ്യമങ്ങളില്‍ അക്കൗണ്ടുകള്‍ ഇല്ലെന്ന് സ്ഥിരീകരിച്ച് വ്യോമസേന. അഭിനന്ദന്റേത് എന്ന പേരില്‍ പ്രചരിക്കുന്ന അക്കൗണ്ടുകള്‍ വ്യാജമാണെന്നും വ്യോമസേന ഔദ്യോഗിക ട്വിറ്ററില്‍ വ്യക്തമാക്കി.

ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ എന്നിവിടങ്ങളിലൊന്നും അഭിനന്ദന് അക്കൗണ്ടില്ല. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ട് ഏതെങ്കിലും വ്യോമസേന പൈലറ്റിന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ അക്കൗണ്ടുകളെ പിന്തുടരുന്നത് ഒഴിവാക്കണമെന്നും സേന മുന്നറിയിപ്പ് നല്‍കുന്നു.

പാകിസ്താന്‍ പോര്‍വിമാനമായ എഫ്-16 തകര്‍ത്ത മിഗ്-21 ബിസണ്‍ യുദ്ധവിമാനത്തിന്റെ പൈലറ്റാണ് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍. മിഗ്-21 തകര്‍ന്ന് പാകിസ്താന്‍ മണ്ണില്‍ ഇറങ്ങിയ അഭിനന്ദനെ പാക് അധികൃതര്‍ പിടികൂടുകയും 60 മണിക്കൂറോളം കസ്റ്റഡിയില്‍ വയ്ക്കുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച വൈകിട്ടോടെയാണ് അദ്ദേഹത്തെ ഇന്ത്യയ്ക്ക് കൈമാറിയത്.

തകര്‍ന്ന വിമാനത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെ നട്ടെല്ലെന്ന് നിസാരമായി പരുക്കേറ്റ അഭിനന്ദന്‍ ചികിത്സയിലാണിപ്പോള്‍. പരിക്ക് ഭേദമാകുന്ന മുറയ്ക്ക് യുദ്ധവിമാനത്തിന്റെ കോക്ക്പിറ്റിലേക്ക് അഭിനന്ദന്‍ തിരിച്ചെത്തുമെന്ന് വ്യോമസേന മേധാവി വ്യക്തമാക്കിയിരുന്നു.