തൃശൂര്‍ : ചാലക്കുടിയില്‍ വീണ്ടും സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയാണ് ഇന്നസെന്റ്. ഈ അവസരത്തില്‍ തിരഞ്ഞെടുപ്പിനെ കുറിച്ചും തന്റെ പ്രവര്‍ത്തനത്തെ കുറിച്ചും തുറന്ന് പറഞ്ഞ് ഇന്നസെന്റ്. എംപിയെന്ന നിലയില്‍ തുടങ്ങി വെച്ച പദ്ധതികള്‍ പൂര്‍ത്തിയാക്കുകയാണ് തന്റെ ലക്ഷ്യം. ആദ്യം താന്‍ മല്‍സരിക്കുമ്പോള്‍ വെറും നടന്‍ മാത്രമായിരുന്നു. ഇപ്പോള്‍ താന്‍ പൂര്‍ത്തിയാക്കിയ പദ്ധതികള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനുണ്ട്. ഇത് തന്റെ വിജയം ഉറപ്പിക്കുന്നതായും ഇന്നസെന്റ് പറഞ്ഞു.
” തനിക്കെതിരെയുള്ള ഒരു ആക്ഷേപം മരണത്തിനും ജനനത്തിനും താന്‍ മണ്ഡലത്തിലെ വോട്ടര്‍മാരുടെ വീടുകളില്‍ പോകുന്നില്ല എന്നതാണ്. മരണവീടുകളില്‍ പോയി കരയുന്നില്ല എന്നതാണ് പരാതി. വല്ലവന്റെയും അച്ഛന്‍ മരിക്കുമ്പോള്‍ നമ്മള്‍ പോയി കരയേണ്ടതുണ്ടോ?. പണ്ടൊക്കെ അങ്ങനെ കരഞ്ഞാല്‍ നമ്മുടെ ദു:ഖത്തില്‍ അയാള്‍ക്കും സങ്കടമുണ്ടെന്ന് ആളുകള്‍ കരുതുമായിരുന്നു. എന്നാല്‍ ആ കാലം മാറി. ഇന്ന് ഒരു മരണവീട്ടില്‍ പോയി നമ്മള്‍ കരഞ്ഞാല്‍, എന്റെ അച്ഛന്‍ മരിച്ചതിന് ഇവനെന്തിനാ കരയുന്നത് എന്ന് ആളുകള്‍ ചിന്തിക്കും. ഇത്തരം കള്ളത്തരങ്ങളും നാടകങ്ങളുമെല്ലാം ആളുകള്‍ തിരിച്ചറിഞ്ഞു. മാത്രമല്ല എന്റെ മണ്ഡലത്തിലെ ഏഴ് അസംബ്ലി മണ്ഡലങ്ങളിലെയും മരണ വീടുകള്‍ തേടി പോയാല്‍, കയറിയിറങ്ങി കയറിയിറങ്ങി ഒടുവില്‍ ഞാന്‍ തന്നെ മരിച്ചുപോകും” – ഇന്നസെന്റ് പറഞ്ഞു.