മലക്കം മറിഞ്ഞ് തുഷാറിനെ പുകഴ്ത്തി വെള്ളാപ്പള്ളി; തുഷാര്‍ ശക്തമായ സംഘടനാ സംസ്‌കാരമുള്ളയാള്‍… തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ വിരോധമില്ല

ആലപ്പുഴ : തുഷാര്‍ വിഷയത്തില്‍ മലക്കം മറിഞ്ഞ് വെള്ളാപ്പള്ളി നടേശന്‍. തെരഞ്ഞെടുപ്പില്‍ തുഷാര്‍ മത്സരിക്കുന്നത് സംബന്ധിച്ച് പ്രതികൂല നിലപാടുമായി നിലകൊണ്ടിരുന്ന വെള്ളാപ്പള്ളി ഇപ്പോള്‍ തുഷാറിനെ പുകഴ്ത്തിക്കൊണ്ടാണ് രംഗത്തെത്തിയിരിക്കുന്നത്.

ശക്തമായ സംഘടനാ സംസ്‌കാരമാണ് തുഷാറിനുള്ളതെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന തുഷാര്‍ എസ്.എന്‍.ഡി.പി ഭാരവാഹിത്വം രാജിവെക്കണമോ എന്ന കാര്യം ഇപ്പോള്‍ പറയാനാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

തുഷാര്‍ മത്സരിക്കുന്നതിനോട് തനിക്ക് വിയോജിപ്പില്ല. എസ്.എന്‍.ഡി.പിയ്ക്ക് ഒരു പാര്‍ട്ടിയോടും പ്രത്യേക സ്‌നേഹമോ വിദ്വേഷമോ ഇല്ലെന്നും എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. എല്ലാവരോടും എന്നതുപോലെ തുഷാറിനോടും എസ്.എന്‍.ഡി.പിയ്ക്ക് ശരിദൂര നിലപാടാണുള്ളത്.