പുല്‍വാമാ ആക്രമണം പ്രധാനമന്ത്രിയുടെ റേറ്റിംഗ് ഏഴു ശതമാനം കൂടി ; നരേന്ദ്രമോഡി രാജ്യത്തെ ശരിയായ രീതിയിലാണ് നയിക്കുന്നതെന്ന് 52 ശതമാനം

ന്യൂഡല്‍ഹി: പുല്‍വാമാ തീവ്രവാദി ആക്രമണത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ റേറ്റിംഗ് ഏഴു ശതമാനം കൂടിയതായി സര്‍വേഫലം. ഫെബ്രുവരി 5 നും 21 നും ഇടയില്‍ ടൈംസ് നൗവും വിഎംആറും നടത്തിയ പോളില്‍ മോഡി ശരിയായ രീതിയില്‍ രാജ്യത്തെ നയിക്കുമെന്ന് 52 ശതമാനം പേരാണ് പറഞ്ഞിരിക്കുന്നത്. അതേ സമയം രാജ്യത്തെ നയിക്കാന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് 27 ശതമാനം പേരും എത്തി. 7.3 ശതമാനം പ്രാദേശിക നേതാക്കന്മാരെയും അനുകൂലിച്ചു.

നേരത്തേ ജനുവരിയില്‍ നടത്തിയ വോട്ടെടുപ്പില്‍ 44.4 ശതമാനം പേരാണ് മോഡിയെ അനുകൂലിച്ചത്. 30 ശതമാനം രാഹുലിനെയും 13.8 ശതമാനം പ്രാദേശിക നേതാക്കളെയും അനുകൂലിച്ചിരുന്നു. മോഡിയിലെ നേതാവില്‍ വിശ്വസ്തര്‍ കൂടിയിട്ടുണ്ടെങ്കിലൂം രാഹുല്‍ മികച്ച നേതാവിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് 43 ശതമാനം പ്രതികരിച്ചു. ഈ തെരഞ്ഞെടുപ്പില്‍ തൊഴിലില്ലായ്മയാണ് ഏറ്റവും വലിയ ചര്‍ച്ചയാകുക എന്ന് 40 ശതമാനം പ്രതികരിച്ചു.