പിസി ജോര്‍ജ് ബിജെപിയിലേക്കെന്ന് ഉറപ്പിച്ചു, പത്തനംതിട്ടയില്‍ മത്സരിക്കാത്തത് കെ സുരേന്ദ്രന് വേണ്ടി

കോണ്‍ഗ്രസ് അടുപ്പിക്കില്ലെന്ന് ഉറപ്പായതോടെ പിസി ജോര്‍ജിന്റെ കേരള ജനപക്ഷം ബിജെപിയിലേക്ക് ചേക്കേറുന്നു. ഇതുമായി ബന്ധപ്പെട്ട് ബിജെപി കേന്ദ്ര നേതൃത്വവുമായി പിസി ജോര്‍ജ് പ്രാഥമിക ചര്‍ച്ചകള്‍ നടത്തി കഴിഞ്ഞു. ഇക്കാര്യം ജോര്‍ജ് തന്നെയാണ് വ്യക്തമാക്കിയത്. ജനപക്ഷം സംസ്ഥാന നേതൃയോഗം അംഗീകരിച്ചാണ് ബിജെപി കേന്ദ്ര നേതൃത്വത്തെ സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച പി.സി.ജോര്‍ജ് പിന്നീട് പിന്മാറിയിരുന്നു. കെ.സുരേന്ദ്രന്‍ സ്ഥാനാര്‍ഥിയാകുമെന്ന് പ്രഖ്യാപനം വന്നതോടെയാണ് ജോര്‍ജ് സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചതെന്നാണ് ജനപക്ഷം നേതാക്കളുടെ അവകാശവാദം. മുന്നണി പ്രവേശനം സംബന്ധിച്ച ബിജെപി സംസ്ഥാന നേതൃത്വവുമായും ജോര്‍ജ് ആശയവിനിമയം നടത്തിക്കഴിഞ്ഞു.

ശബരിമല വിഷയത്തില്‍ ബിജെപി അനുകൂല നിലപാട് സ്വീകരിച്ചതു മുതല്‍ ജോര്‍ജ് എന്‍ഡിഎയുമായി സഹകരിച്ചാണ് മുന്നോട്ടുപോയിരുന്നത്. ഇതിനിടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് യുഡിഎഫ് പ്രവേശനം ലക്ഷ്യംവയ്ക്കുകയും ചെയ്തിരുന്നു. ഇതിനായി സോണിയ ഗാന്ധി ഉള്‍പ്പടെയുള്ള നേതാക്കളെ കാണാന്‍ ശ്രമിച്ചെങ്കിലും സംസ്ഥാനത്ത് അനുകൂല പ്രതികരണം ഉണ്ടായില്ല. കെപിസിസിയിലെ പല നേതാക്കളും ജോര്‍ജിന്റെ വരവിനെ പ്രതിരോധിക്കുകയും ചെയ്തതോടെയാണ് യുഡിഎഫ് പ്രവേശനം അടഞ്ഞ അധ്യായമായത്. ഇതിന് പിന്നാലെയാണ് വീണ്ടും എന്‍ഡിഎയിലേക്ക് ജോര്‍ജ് കണ്ണുവച്ചത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്‍പ് മുന്നണി പ്രവേശനം ഉണ്ടാകില്ലെങ്കിലും ശക്തികേന്ദ്രങ്ങളില്‍ ബിജെപിയെ സഹായിച്ച് കൂട്ടുകെട്ട് ഉറപ്പിക്കാനാണ് ജോര്‍ജിന്റെ നീക്കം.