പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള പിസി ജോര്‍ജിന്റെ തീരുമാനം, പിന്നില്‍ സിപിഎമ്മുമായി രഹസ്യധാരണ?

പത്തനംതിട്ട: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ താന്‍ മത്സരിക്കുമെന്ന് പിസി ജോര്‍ജ് വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസിനു മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഇടതുപക്ഷവുമായി രഹസ്യധാരണയിലെത്തിയാണ് പിസി ജോര്‍ജ് പത്തനംതിട്ടയില്‍ മത്സരിക്കുന്നതെന്നാണ് വിവരം. മുഖ്യമന്ത്രി പിണറായി വിജയനുമായി ജോര്‍ജ് അകലത്തിലാണെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി നല്ല അടുപ്പത്തിലാണ്.

ഇടതു സ്ഥാനാര്‍ഥി വീണാ ജോര്‍ജിന്റെ കുടുംബവുമായി ജോര്‍ജിനുള്ള ബന്ധവും ചില സംശയങ്ങള്‍ക്കു വഴിയൊരുക്കിയിട്ടുണ്ട്. വീണയുടെ പിതാവ് കുര്യാക്കോസ് കാളിയാങ്കല്‍ കുടുംബാഗമാണ്. പി.സി. ജോര്‍ജിന്റെ പ്ലാന്തോട്ടത്തില്‍ കുടുംബത്തിന്റെ മൂലകുടുംബമാണു കാളിയാങ്കല്‍. പല വേദിയിലും പി.സി. ജോര്‍ജ് ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്.

ഇന്നലെ വൈകിട്ട് എറണാകുളത്തുനിന്ന് ആര്‍.എസ്.എസ്. ഉന്നതര്‍ ജോര്‍ജുമായി ബന്ധപ്പെട്ടിരുന്നതായി സൂചനയുണ്ട്. സ്ഥാനാര്‍ഥിത്വം ബി.ജെ.പിക്കു ക്ഷീണമുണ്ടാക്കുമെന്നതിനാല്‍ പിന്തിരിയണമെന്ന നിര്‍ദേശമാണ് ആര്‍.എസ്.എസ്. ഉന്നയിച്ചതെന്ന് അറിയുന്നു. ശിവരാത്രി മഹോത്സവവുമായി ബന്ധപ്പെട്ട് പത്തനംതിട്ട മലയാലപ്പുഴ മൈലാടുംപാറയിലുള്ള ക്ഷേത്രത്തിലെത്തിയപ്പോള്‍ ജോര്‍ജിനു വന്‍ സ്വീകരണമാണു ലഭിച്ചത്. ശബരിമല വിഷയത്തില്‍ സ്വീകരിച്ച നിലപാടായിരുന്നു കാരണം.