അരയ്ക്ക് താഴോട്ട് തളര്‍ന്ന യുവാവിനെ വിവഹം ചെയ്ത് 18കാരി, ഫേസ്ബുക്ക് സൗഹൃദം പ്രണയമായപ്പോള്‍ വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് പ്രാണപ്രിയനെ സ്വന്തമാക്കി നീതു

നാദാപുരം: പ്രണയത്തിന് മുന്നില്‍ യാതൊരു തടസവും കാര്യമല്ല. ഒരു കുറവിനോ തടസത്തിനോ പ്രണയത്തെ ഇല്ലാതാക്കാനാകില്ല. അതിനുള്ള ഏറ്റവും അവസാനത്തെ ഉദാഹരണമാണ് അരയ്ക്ക് താഴോട്ട് തളര്‍ന്ന ശ്രീനാഥിന്റെ ജീവിതത്തിലേക്ക് നിലവിളക്കുമായി കടന്നെത്തിയ നീതു എന്ന യുവതി. മാസങ്ങള്‍ക്ക് മുമ്പ് ഫേസ്ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്.

പത്തനംതിട്ട സീതത്തോട് കൊച്ചുകോയിക്കല്‍ പുഷ്പാകരന്റെ മകള്‍ നീതുവും നരിപ്പറ്റ റോഡില്‍ ചേലക്കാട് പനയുള്ളപറമ്പത്ത് നാണുവിന്റെ മകന്‍ ശ്രീനാഥുമാണു വിവാഹിതരായത്. ഫേസ്ബുക്കിലൂടെയുള്ള സൗഹൃദം പ്രണയമായി മാറുകയും പ്രണയം വിവാഹത്തിലെത്തുകയുമായിരുന്നു. കോളേജ് വിദ്യാര്‍ത്ഥിനിയാണ് നീതു.

അരയ്ക്കു താഴെ ചലനശേഷി നഷ്ടപ്പെട്ട കാര്യം അറിഞ്ഞു കൊണ്ട് തന്നെയാണ് നീതു ശ്രീനാഥിന്റെ വീട്ടിലെത്തിയത്. രണ്ടു വര്‍ഷം മുന്‍പ് നടന്ന ബൈക്ക് അപകടത്തിലാണ് ശ്രീനാഥിന്റെ അരയ്ക്ക് താഴേയ്ക്ക് തളര്‍ന്നു പോയത്. മകളെ കാണാനില്ലെന്നു കാണിച്ച് നീതുവിന്റെ വീട്ടുകാര്‍ പത്തനംതിട്ട ചിറ്റാര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നാദാപുരം ഡിവൈഎസ്പി പ്രിന്‍സ് ഏബ്രഹാമിന്റെ നിര്‍ദ്ദേശ പ്രകാരം വനിതാ പൊലീസ് നീതുവിനെ ശ്രീനാഥിന്റെ വീട്ടില്‍ നിന്നു കസ്റ്റഡിയിലെടുത്ത് വനിതാ സെല്ലിലേക്കു മാറ്റി. തുടര്‍ന്നു പത്തനംതിട്ട പൊലീസെത്തി റാന്നി കോടതിയില്‍ ഹാജരാക്കി.

ശ്രീനാഥിനോടൊപ്പം കഴിയാനാണ് ആഗ്രഹമെന്ന് കോടതിയില്‍ പറഞ്ഞ നീതുവിനെ ബുധനാഴ്ച രാവിലെ താഴെ വള്ള്യാട്ട് സുദര്‍ശന മഹാവിഷ്ണു ക്ഷേത്ര മുറ്റത്ത് വെച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളെയും ശ്രീനാഥിന് ഗൃഹപരിചരണം നടത്തുന്ന കക്കട്ടിലെ സ്‌നേഹപാലിയേറ്റിവ് പ്രവര്‍ത്തകരെയും സാക്ഷിയാക്കി ലളിതമായ ചടങ്ങില്‍ വിവാഹം നടത്തി.