റാസല്‍ ഖൈമയില്‍ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ സാമൂഹ്യപ്രവര്‍ത്തകനും അഭിഭാഷകനും ചേര്‍ന്നു നഷ്ടപരിഹാര തുക തട്ടിയെടുത്തു. റാസല്‍ഖൈമയില്‍ തൊടുപുഴ സ്വദേശി ബിബിന്‍ ബിബു വാഹനമിടിച്ചു മരിച്ച സംഭവത്തില്‍ കോടതി വിധിച്ച തുക സാമൂഹ്യപ്രവര്‍ത്തകനും അഭിഭാഷകനും ചേര്‍ന്ന് തട്ടിയെടുത്തുവെന്ന് കുടുംബം ആരോപിക്കുന്നത്.
2016 ജനുവരി 6ന് റാസല്‍ഖൈമയില്‍ റോഡു മുറിച്ചുകടക്കവേ വാഹനമിടിച്ച് മരിച്ച കേസില്‍ തട്ടിപ്പു നടത്തിയെന്നാണ് ആരോപണം. കോടതി വിധിച്ച നഷ്ടപരിഹാര തുകയായ 22 ലക്ഷത്തിലേറെ രൂപ റാസല്‍ഖൈമയിലെ സാമൂഹ്യപ്രവര്‍ത്തകനും അഭിഭാഷകനും ചേര്‍ന്നു തട്ടിയെടുത്തെന്നാണ് പരാതി. ഇതു വ്യക്തമാക്കി മരിച്ച ബിപിന്റെ സഹോദരന് ബിനു ജോണ്‍ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പരാതി നല്കി. കൊല്ലം സ്വദേശിയുമായ വ്യക്തി ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ പേരുപറഞ്ഞാണ് സഹായിക്കാനെന്ന വ്യാജേന പണം തട്ടിയെടുത്തെന്നാണ് പരാതി.
കോടതി നടപടികള്‍ക്കായി കൈമാറിയ പവര്‍ ഓഫ് അറ്റോര്‍ണി അധികാരം ഉപയോഗിച്ചാണ് പണം കൈക്കലാക്കിയത്. 1,16, 666 ദിര്‍ഹമാണ് കോടതി നഷ്ടപരിഹാരം വിധിച്ചത്. ഇതില്‍ നിന്ന് 43,000 ദിര്‍ഹം മാത്രമാണ് ബിബിന്‍ ജോണിന്റെ കുടുംബത്തിന് ലഭിച്ചിട്ടുള്ളത്. അതേസമയം, ഇത്തരത്തില്‍, യു.എ.ഇയിലെ അപകടങ്ങളില്‍ മരണമടയുന്നവരുടെ കുടുംബാംഗങ്ങളെ പറ്റിച്ചു ചില സാമൂഹിക പ്രവര്‍ത്തകരും ചില മലയാളി അഭിഭാഷകരും ചേര്‍ന്നുള്ള തട്ടിപ്പുകളെ കുറിച്ചു പരാതി വ്യാപകമായിട്ടുണ്ട്.