ന്യൂഡല്‍ഹി: ഇനി ഇന്ത്യയ്ക്ക് മുന്നില്‍ പാക്കിസ്ഥാന് മാത്രമല്ല ചൈനയും വിറയ്ക്കും. നിലവിലുള്ള ഏറ്റവും കരുത്തുറ്റ ലിഫ്റ്റ് ഹെലികോപ്റ്ററുകളിലൊന്നായ ചിനൂക് ഇപ്പോള്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായിരിക്കുകയാണ്. വ്യോമസേനയുടെ നവീകരണം ലക്ഷ്യമാക്കി ചണ്ഡീഗഡിലെത്തിച്ച നാല് ഹെലികോപ്റ്ററുകള്‍ തിങ്കളാഴ്ചയാണു വ്യോമസേനയുടെ ഭാഗമായത്.
വാഹനങ്ങള്‍ക്കെത്താന്‍ കഴിയാത്ത ദുര്‍ഘട ഇടങ്ങളിലേക്കു സേനയ്ക്കാവശ്യമായ ഭാരമേറിയ യന്ത്രങ്ങള്‍, ആയുധങ്ങള്‍ എന്നിവ എത്തിക്കുകയെന്നതാണു ചിനൂക് ഹെലികോപ്റ്ററുകളുടെ ദൗത്യം. ചിനൂക് സിഎച്ച് – 47 എഫ് ഹെലികോപ്റ്ററിന്റെ നവീന പതിപ്പാണ് ഇന്ത്യ വാങ്ങിയത്. മണിക്കൂറില്‍ 315 കിലോമീറ്ററാണു പരമാവധി വേഗം. 6100 മീറ്റര്‍ വരെ ഉയരത്തില്‍ പറക്കാന്‍ സാധിക്കുന്ന ഹെലികോപ്റ്ററില്‍ 3 മീഡിയം മെഷീന് ഗണ്ണുകള്‍ ഉപയോഗിക്കാനും സാധിക്കും.
പകല്‍ സമയത്തു മാത്രമല്ല രാത്രിയും ചിനൂക് ഹെലികോപ്റ്ററിനെ ഉപയോഗപ്പെടുത്താനാകുമെന്നു വ്യോമസേനാ മേധാവി ബി.എസ്. ധനോവ പറഞ്ഞു. റഫാല്‍ യുദ്ധവിമാനങ്ങള്‍ സൈന്യത്തില്‍ സ്വാധീനം ചെലുത്തുന്നതുപോലെയായിരിക്കും ചിനൂക്കിന്റെയും പ്രവര്‍ത്തനം. വ്യോമസേനയുടെ ശേഷിയുടെ വലിയ വളര്‍ച്ചയെന്നാണു ചിനൂക്കിന്റെ പ്രവര്‍ത്തനത്തെ സേന ട്വിറ്ററില്‍ വിശേഷിപ്പിച്ചത്. ഉയര്‍ന്ന പ്രദേശങ്ങളിലേക്കു സൈന്യത്തെയും ഭാരമേറിയ യന്ത്രങ്ങളും എത്തിക്കാന്‍ ചിനൂക്കിനു സാധിക്കും.