ന്യൂഡല്‍ഹി : വിഗ്രഹത്തിന്റെ അവകാശം സംരക്ഷിക്കണമെന്ന് തന്ത്രിയുടെ അഭിഭാഷകന് കോടതിയില്‍ വാദിച്ചു. പ്രതിഷ്ഠയുടെ സ്വഭാവം പരിഗണിക്കണമെന്നും തന്ത്രിയുടെ അഭിഭാഷകന് വി.ഗിരി ചൂണ്ടിക്കാട്ടി. വാദം തുടരുകയാണ്.
പ്രധാനപ്പെട്ട രണ്ട് പിഴവുകളാണ് എന്‍.എസ്.എസിനായി ഹാജരായ അഡ്വ. പരാശരന് ചൂണ്ടിക്കാട്ടിയത്. ഒന്ന് ശബരിമല വിധി തൊട്ടുകൂടായ്മയുടെ ഭാഗമല്ല. രണ്ട്, ക്ഷേത്രങ്ങള്‍ പൊതുസ്ഥലമല്ല.
ഭരണഘടനയുടെ 25ാം അനുച്ഛേദം നല്കുന്ന അവകാശമാണ് എല്ലാവരും ഉന്നയിക്കുന്നതെന്നാണ് അഡ്വ. പരാശരന് വ്യക്തമാക്കിയത്. പൊതുസ്ഥലങ്ങളില്‍ തുല്യത ഉറപ്പ് വരുത്തേണ്ടതാണ്. എന്നാല്‍ ക്ഷേത്രങ്ങള്‍ പൊതുസ്ഥലമല്ലെന്നും അഡ്വ. പരാശരന് വ്യക്തമാക്കുന്നു.
അതേസമയം, ഭരണഘടനയുടെ 15-ാം അനുഛേദപ്രകാരം ക്ഷേത്ര ആചാരങ്ങള്‍ റദ്ദാക്കിയത് തെറ്റെന്ന എന്‍എസ്എസ് വാദത്തോട് പതിനഞ്ചാം അനുച്ഛേദം അടിസ്ഥാനപ്പെടുത്തി തന്നെയാണ് തന്റെ വിധിയെന്ന് ജസ്റ്റിസ് റോഹിന്‍ടണ്‍ നരിമാന് പറഞ്ഞു. പൊതു സ്ഥലമായി പരിഗണിച്ചു കൊണ്ട് തന്നെയാണ് യുവതീ പ്രവേശന വിധി പ്രസ്താവിച്ചതെന്നും റോഹിന്‍ടണ്‍ നരിമാന് വ്യക്തമാക്കി.
എന്തിനാണ് വിധി പുനഃപരിശോധിക്കുന്നതെന്ന് വ്യക്തമാക്കണമെന്നാണ് ചീഫ് ജസ്റ്റിസ് ചോദിച്ചത്. പുനഃപരിശോധനാ ഹര്‍ജികള്‍ക്കും റിട്ട് ഹര്‍ജികള്‍ക്കും ഏതാണ്ട് സമാനസ്വഭാവമാണുള്ളത്. എന്തൊക്കെയാണ് പിഴവുകള്‍, എന്തിനാണ് വിധി പുനഃപരിശോധിക്കേണ്ടത് – ഈ രണ്ട് കാര്യങ്ങളും വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
യുവതീപ്രവേശനം തൊട്ടുകൂടായ്മയുടെ ഭാഗമല്ലെന്ന് എന്‍എസ്എസ് വാദിച്ചു. അനുച്ഛേദം 17 പ്രകാരം തൊട്ടുകൂടായ്മ കുറ്റമാണ്. പക്ഷേ, അത്തരം ഒരു വിവേചനം ഇവിടെയില്ല. എല്ലാ സ്ത്രീകളെയും ശബരിമലയില്‍ കയറ്റാതിരിക്കുന്നില്ല. ജാതിയുടെ അടിസ്ഥാനത്തിലല്ല, ഇവിടെ പ്രവേശനം നിഷേധിക്കപ്പെടുന്നത്. പ്രായത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതെന്നും അഡ്വ. കെ പരാശരന് പറയുന്നു.
എന്നാല്‍ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനം നടത്തുന്നത് തൊട്ടുകൂടായ്മയായിത്തന്നെ കണക്കാക്കണമെന്നും ജസ്റ്റിസ് റോഹിന്‍ടണ്‍ നരിമാന് വ്യക്തമാക്കുന്നു.
ഒടുവില്‍ വാദം പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി അഡ്വ. പരാശരനോട് ആവശ്യപ്പെട്ടു. അങ്ങനെ രണ്ട് പിഴവുകള്‍ ചൂണ്ടിക്കാട്ടി കെ പരാശരന് വാദം പൂര്‍ത്തിയാക്കി. ഇപ്പോള്‍ ശബരിമല തന്ത്രിക്ക് വേണ്ടി അഡ്വ. വി ഗിരിയുടെ വാദം തുടങ്ങിയിരിക്കുകയാണ്.