സിപിഎമ്മിന് മുന്നില്‍ കുനിഞ്ഞിരിക്കുന്ന നാറികളാണ് സാംസ്‌കാരിക നായകര്‍, രൂക്ഷ വിമര്‍ശനവുമായി കെ എസ് യു

കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത്. സാംസ്‌കാരിക നായകര്‍ നാക്കും വാക്കും സിപിഎമ്മിന് പണയപ്പെടുത്തിയിരിക്കുകയാണെന്ന് അഭിജിത് പറഞ്ഞു. സിപിഎമ്മിന് മുന്നില്‍ കുനിഞ്ഞിരിക്കുന്ന നാറികളാണ് സാംസ്‌കാരിക നായകരെന്നും സര്‍ക്കാര്‍ നല്‍കുന്ന അപ്പക്കഷണം പ്രതീക്ഷിച്ചിരിക്കുകയാണ് ഇക്കൂട്ടരെന്നും അഭിജിത് വിമര്‍ശിച്ചു.

അക്രമസംഭവങ്ങള്‍ തടയാന്‍ മുഖ്യമന്ത്രി തയ്യാറായില്ലെങ്കില്‍ തിരിച്ചടിക്കാന്‍ കെഎസ്യു തയ്യാറാണെന്നും കെ എം അഭിജിത് പറഞ്ഞു. ആശയങ്ങളെ കഠാര കൊണ്ട് നേരിടാനാണെങ്കില്‍ ജീവന്‍ കളയാനും കെഎസ്യു പ്രവര്‍ത്തകര്‍ തയ്യാറാണ്. കാസര്‍കോട് സിപിഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയ കൃപേഷിന്റേയും ശരത് ലാലിന്റേയും സഹോദരിമാരുടെ പഠനച്ചെലവ് കെഎസ്യു ഏറ്റെടുക്കുമെന്നും കെ എം അഭിജിത് പറഞ്ഞു.