ശബരിമലയിലെ ‘ശുദ്ധിക്രിയ ഭരണഘടനയുടെ ഹൃദയത്തില്‍ ഏറ്റ മുറിവ് ; സ്ത്രീ മലിനയാണ് എന്നാണ് ഇത് സ്ഥാപിക്കുന്നതെന്ന് യുവതികളുടെ അഭിഭാഷക

ന്യൂഡല്‍ഹി : ശബരിമലയില്‍ ശുദ്ധിക്രിയ നടത്തിയത് തൊട്ടുകൂടായ്മ ഉണ്ടെന്നതിന് തെളിവെന്ന് ബിന്ദു അമ്മിണിക്കും കനകദുര്‍ഗ്ഗയ്ക്കും വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിങ്. ‘ശുദ്ധിക്രിയ’ ഭരണഘടനയുടെ ഹൃദയത്തിലേറ്റ മുറിവാണ്. സ്ത്രീ മലിനയാണെന്നാണ് ഇതിലൂടെ സ്ഥാപിക്കുന്നതെന്നും അവര്‍ ആരോപിച്ചു.

ശബരിമല വിധിയുടെ അടിസ്ഥാനത്തില്‍ ദര്‍ശനം നടത്തിയ ബിന്ദുവിനേയും കനകദുര്‍ഗയേയും സാമൂഹികമായി ബഹിഷ്‌കരിക്കാന്‍ ശ്രമം നടക്കുന്നുവെന്നും ഇന്ദിര ജെയ്‌സിങ് കോടതിയെ അറിയിച്ചു. ശബരിമല പൊതു ക്ഷേത്രമാണ് ആരുടെയും കുടുംബ ക്ഷേത്രമല്ല. നിയമപരമായി സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കാനാകില്ലെന്നും അവര്‍ പറഞ്ഞു.

സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ കയറണമെന്ന് തോന്നിയാല്‍ അത് തടയാന്‍ ആര്‍ക്കും ആകില്ല. അവര്‍ കയറും, നിയമം അങ്ങനെയാണെന്നും മനസാക്ഷിയുടെ സ്വാതന്ത്ര്യമാണ് പ്രധാനമെന്നും അഭിഭാഷക പറഞ്ഞു.

ദൈവത്തിന് ലിംഗവ്യത്യാസമില്ലെന്നും സ്ത്രീകളും വ്യക്തികളാണെന്ന് പറഞ്ഞ ഇന്ദിരാ ജെയ്‌സിങ് ദളിതയായ ബിന്ദുവിന്റെ അമ്മയ്ക്ക് നേര്‍ക്കുണ്ടാകുന്ന വധഭീഷണിയും കോടതിയെ അറിയിച്ചു. അക്രമം സ്ത്രീകളുടെ സ്വഭാവം അല്ല. വിധി മറിയിച്ചായിരുന്നെങ്കില്‍ സ്ത്രീകള്‍ അക്രമം നടത്തുമായിരുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. അക്രമം നടത്താതെ പുനപരിശോധന ഹര്‍ജിയോ തിരുത്തല്‍ ഹര്‍ജിയോ നല്‍കുമായിരുന്നു.

സ്ത്രീകള്‍ യുദ്ധത്തിന് പോകാറില്ലേയെന്ന് ചോദിച്ച ശേഷം റസിയ സുല്‍ത്താന അടക്കം ചരിത്രത്തില്‍ ഒരുപാട് സ്ത്രീകള്‍ യുദ്ധം ചെയ്തിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.