നൂഡല്‍ഹി: യുവതികളുടെ സാന്നിദ്ധ്യം അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കില്ലെന്നും ശബരിമലയിലെ യുവതികള്‍ക്കെതിരായ വിലക്ക് അവിഭാജ്യമായ ആചാരമല്ലെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. പത്തു വയസ്സുള്ള പെണ്‍കുട്ടി പോലും അയ്യപ്പന്റെ ബ്രഹ്മചര്യം ഇല്ലാതാക്കുമെന്ന വാദം സ്ത്രീവിരുദ്ധമാണെന്നും സര്‍ക്കാര്‍ പറഞ്ഞു. യുവതീ പ്രവേശനത്തിലെ പുന:പരിശോധനാ ഹര്‍ജികളിലാണ് തങ്ങളുടെ വാദം സര്‍ക്കാര്‍ എഴുതിക്കൊടുത്തത്.
ശബരിമലയില്‍ നിന്നും യുവതികളെ മാറ്റി നിര്‍ത്തണമെന്നത് അംഗീകരിക്കാന്‍ കഴിയുന്നതല്ല. 2007 വരെ 35 വയസ്സുള്ള സ്ത്രീകള്‍ക്ക് ദേവസ്വം ബോര്‍ഡ് അംഗമാകാമായിരുന്നു. 2007 ന് ശേഷം 35 വയസ്സ് എന്നതുമാറ്റി 60 വയസ്സ് എന്നാക്കി. ദേവസ്വം ബോര്‍ഡ് അംഗമായിട്ടുള്ളവര്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്നും പറഞ്ഞു. കേരളത്തിലുള്ള അനേകം അയ്യപ്പക്ഷേത്രങ്ങളിലൊന്നും സ്ത്രീകള്‍ക്ക് വിലക്കോ അതുമായി ബന്ധപ്പെട്ട ക്രമസമാധാന പ്രശ്‌നമോ ഇല്ല. പിന്നെന്തിന് ശബരിമലയില്‍ മാത്രം ഈ വിലക്കെന്ന് സര്‍ക്കാര്‍ ചോദിച്ചു.
എതിര്‍കക്ഷികളുടെ ഓരോ വാദത്തിനും പ്രത്യേകം പ്രത്യേകമായിട്ടാണ് മറുപടി നല്‍കിയിരിക്കുന്നത്. ഇപ്പോള്‍ നടന്നത് പ്രാഥമിക വാദമാണ്. വിശദമായി ഇക്കാര്യത്തില്‍ വാദം കേള്‍ക്കാന്‍ ഒരുങ്ങുന്നുണ്ടെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വിശദീകരിക്കാന്‍ അവസരം നല്‍കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.