മസൂദ് അസര്‍ ഉള്‍പ്പെടെയുള്ള ഭീകരരെ പാകിസ്ഥാന്‍ സുരക്ഷിത താവളത്തിലേക്ക് മാറ്റി

ജമ്മുകശ്മീര്‍ : പാക് ഭീകരന്‍ മസൂദ് അസറിനെ സുരക്ഷിത താവളത്തിലേയ്ക്ക് മാറ്റിയതായി റിപ്പോര്‍ട്ട്. പുല്‍വാമ ഭീകരാക്രമണം നടന്ന 12-ാം ദിനം ഇന്ത്യ നല്‍കിയ തിരിച്ചടിക്ക് മുമ്പ് ജയ്‌ഷെ നേതാക്കള്‍ സുരക്ഷിത താവളങ്ങളിലേക്ക് മാറിയെന്നാണ് റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് വിഭാഗമാണ് ഇത് സംബന്ധിച്ചുള്ള സൂചനകള്‍ പുറത്ത് വിട്ടിരിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിക്ക് കിട്ടിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് റാവല്‍പിണ്ടിയിലെ ആശുപത്രിയില്‍ ആയിരുന്ന മസൂദ് അസറിനെ സുരക്ഷിത താവളത്തിലേക്ക് മാറ്റി. ഇന്ത്യ തിരിച്ചടിക്കുമെന്ന് ഉറപ്പായതോടെയാണ് സുരക്ഷിത താവളങ്ങളിലേക്ക് ജയ്‌ഷെ നേതാക്കള്‍ മാറിയത്. ജയ്‌ഷെ തലവന്‍ മൗലാന മസൂദ് അസ്ഹറിന്റെ സഹോദരന്‍ അബ്ദുള്‍ റൗഫ് അസ്ഗര്‍ പഞ്ചാബിലേക്കാണ് മാറിയതെന്നാണ് സൂചന.

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ തിരിച്ചടിക്കാനുള്ള തീരുമാനം എടുത്തത് പ്രധാനമന്ത്രി നരേന്ദ്രമോഡി തന്നെയെന്ന് റിപ്പോര്‍ട്ട്. ഭീകരാക്രമണം നടന്നിനു പിന്നാലെ ഡല്‍ഹിയില്‍ മോഡിയുടെ വസതിയില്‍ ഉന്നതതലയോഗം ചേര്‍ന്നിരുന്നു.