മലയാളി ബ്രാഹ്മണ സ്ത്രീ പ്രസവത്തോടെ ഉപേക്ഷിച്ച ആ കുഞ്ഞ് ഇന്ന് സ്വിറ്റ്‌സര്‍ലന്റിലെ എം.പി; സിനിമയെ വെല്ലുന്ന ജീവിത കഥ ഇങ്ങനെ…

ന്യൂഡല്‍ഹി : അരനൂറ്റാണ്ട് മുന്‍പ് മലയാളിയായ ഒരു അമ്മ ആശുപത്രിയില്‍ ഉപേക്ഷിച്ച കുഞ്ഞ് ഇന്ന് സ്വിറ്റ്‌സര്‍ലന്റിലെ എം.പി. സിനിമാ കഥകളെ പോലും വെല്ലുന്ന ഒരു ജീവിതകഥയാണ് സ്വിറ്റ്‌സര്‍ലന്റിലെ പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യന്‍ പാര്‍ട്ടി എംപി നിക്‌ളൗസ് സാമുവല്‍ ഗുഗ്ഗര്‍ എന്ന നിക്കിന്റേത്.

ആ കഥ ഇങ്ങനെയാണ്…

1970 മേയ് ഒന്നിന് രാത്രി 1.20 നാണ് ഉഡുപ്പിയിലെ ലെംബാര്‍ഡ് മെമ്മോറിയല്‍ ആശുപത്രിയില്‍ അനസൂയ എന്ന മലയാളി ബ്രാഹ്മണ സ്ത്രീ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ‘ഇവനെ നന്നായി നോക്കുന്ന ഒരു കുടുംബത്തെ ഏല്‍പ്പിക്കണം’ എന്ന അഭ്യര്‍ത്ഥനയോടെ കുഞ്ഞിനെ വനിതാ ഡോക്ടര്‍ ഫ്‌ളൂക്‌ഫെല്ലിനെ ഏല്‍പ്പിച്ച ശേഷം അനസൂയ ആശുപത്രിയില്‍ നിന്നും പോയി. ആ സമയത്താണ് തലശേരിയില്‍ നെട്ടൂര്‍ ടെക്‌നിക്കല്‍ ട്രെയിനിങ് ഫൗണ്ടേഷനില്‍ പഠിപ്പിച്ചിരുന്ന ജര്‍മന്‍ സ്വദേശികളായ എന്‍ജിനീയര്‍ ഫ്രിറ്റ്‌സും ഭാര്യ എലിസബത്തും മലേറിയക്കു ചികിത്സ തേടി ലെംബാര്‍ഡ് ആശുപത്രിയിലെത്തിലെത്തിയത്. അങ്ങനെ അവര്‍ ആ കുഞ്ഞിനെ ദത്തെടുക്കുകയായിരുന്നു.

അമ്മ തിരികെയെത്തുമോയെന്ന് അവര്‍ കാത്തിരുന്നു. രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ ഫ്രിറ്റ്‌സും എലിസബത്തും പത്രങ്ങളില്‍ പരസ്യം നല്‍കി. ആരും അന്വേഷിച്ചു വന്നില്ല. ആ പരസ്യം ഇന്നും നിക് സൂക്ഷിക്കുന്നു. തലശേരി ജീവിതത്തിനു ശേഷം ഫ്രിറ്റ്‌സും എലിസബത്തും സ്വിറ്റ്‌സര്‍ലന്‍ഡിലെ ഥൂണ്‍ എന്ന പട്ടണത്തിലേക്കു മടങ്ങി. നിക്‌ളൗസ് സാമുവല്‍ ഗുണ്മര്‍ എന്ന നിക് പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യനായി വളര്‍ന്നു. ജര്‍മന്‍ ദമ്പതികള്‍ക്ക് പിന്നീട് രണ്ട് പെണ്‍കുട്ടികള്‍ കൂടി ജനിച്ചു.

മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദം നേടിയ ശേഷം സൈക്കോളജിയിലും മാനേജ്‌മെന്റ് ആന്‍ഡ് ഇന്നവേഷനിലും ഉപരിപഠനം നടത്തിയ നിക് ഇപ്പോള്‍ മാനേജ്‌മെന്റ് ആന്‍ഡ് ഇന്നൊവേഷനില്‍ അറിയപ്പെടുന്ന പ്രഭാഷകനും വ്യവസായ സംരംഭകനുമാണ്.

സ്വിറ്റ്‌സര്‍ലന്‍ഡിലെ സിന്‍ജി എന്ന ഇഞ്ചിനീര് പാനീയം അദ്ദേഹത്തിന്റേതാണ് . 2002 ലാണ് നിക് രാഷ്ര്ടീയത്തില്‍ പ്രവേശിച്ചത്. 2017 ല്‍ എംപിയുമായി. വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ ബന്ധമുള്ള എംപിമാരുടെ സമ്മേളനത്തിനായി ഡല്‍ഹിയില്‍ വന്നപ്പോഴാണ് നിക്കിന്റെ ജീവിത കഥ എല്ലാവരും കേള്‍ക്കുന്നത്.

സ്വിറ്റ്‌സര്‍ലന്‍ഡുകാരി ബിയാട്രീസിന ആണ് നിക്കിന്റെ ഭാര്യ. ആദ്യത്തെ മകള്‍ പിറന്നപ്പോള്‍ അനസൂയ എന്നു തന്നെ പേരിട്ടു. രണ്ട് ആണ്‍കുട്ടികളും പിറന്നു ലെ ആന്ത്രോയും മി ഹാറബിയും. തന്റെ ജീവിതകഥ പുസ്തകമാക്കണമെന്നാണ് നിക്കിന്റെ ആഗ്രഹം. കേരളത്തിന്റെ കായല്‍പ്പരപ്പില്‍ 25ാം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ഓഗസ്റ്റില്‍ നിക്ക് കേരളത്തിലെത്തുന്നുണ്ട്.