ന്യൂഡല്‍ഹി: പുല്‍വാമാ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെ അതിര്‍ത്തിയിലെ ഭീകരാക്രമണ ക്യാമ്പുകളില്‍ ശക്തമായ ആക്രമണം നടത്തി. മിറാഷ് വിമാനങ്ങളാണ് ദൗത്യത്തില്‍ പങ്കെടുത്തതെന്നും 1000 കിലോ സ്‌ഫോടക വസ്തുക്കള്‍ വര്‍ഷിച്ചെന്നാണ് വിവരം. 12 മിറാഷ് വിമാനങ്ങളാണ് ആക്രമണത്തില്‍ പങ്കാളികളായതെന്നാണ് സൂചന.
ഫെബ്രുവരി 14 ന് പുല്‍വാമയില്‍ നടന്ന തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന ഇന്ത്യ നേരത്തേ തന്നെ സൂചന നല്‍കിയിരുന്നു. ജെയ്‌ഷെ ആക്രമണത്തോടെ ഇന്ത്യാ-പാക് ബന്ധം വഷളായിരുന്നു. പാകിസ്താന്‍ പിന്തുണയ്ക്കുന്ന ജെയ്‌ഷെ ഇ മുഹമ്മദ് തീവ്രവാദി സംഘടനയുടെ ആക്രമണത്തില്‍ 40 ഇന്ത്യന്‍ സൈനികര്‍ക്കായിരുന്നു ജീവന്‍ നഷ്ടമായത്. ഇന്ന് രാവിലെ അതിര്‍ത്തി കടന്ന് ഇന്ത്യ ആക്രമണത്തിന് ശ്രമിച്ചെന്നും പാക് സേന തിരിച്ചടിച്ചപ്പോള്‍ ഇന്ത്യന്‍ വിമാനങ്ങള്‍ സ്‌ഫോടക വസ്തുക്കള്‍ വര്‍ഷിച്ച് തിരിച്ചുപോയെന്നുമാണ് പാകിസ്താന്റെ ഇന്റര്‍ സര്‍വീസ് പബ്‌ളിക് റിലേഷന്‍ ഡയറക്ടര്‍ ജനറലായ ആസിഫ് ഗഫൂറിന്റെ ട്വീറ്റ്.
തിരിച്ചുപോകലില്‍ പാക് മേഖലയായ ബാലാകോട്ടില്‍ ഇന്ത്യന്‍ പോര്‍ വിമാനങ്ങള്‍ സ്‌ഫോടക വസ്തുക്കള്‍ വര്‍ഷിച്ചതായും ആളപായമൊന്നും ഉണ്ടായില്ലെന്നും ആയിരുന്നു പാകിസ്താന്‍ വാദം. പാകിസ്താന്‍ തന്നെ ആക്രമണം വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് ഇന്ത്യന്‍ ഭാഗത്തു നിന്നും ഇക്കാര്യത്തില്‍ വിവരങ്ങള്‍ പുറത്തു വന്നു തുടങ്ങിയിരിക്കുന്നത്. നേരത്തേ തീവ്രവാദി ആക്രമണത്തില്‍ പാകിസ്താനെ ഒറ്റപ്പെടുത്താനുള്ള ഇന്ത്യന്‍ ശ്രമം വിജയിച്ചിരുന്നു. അനേകം രാജ്യങ്ങളാണ് ജെയ്‌ഷെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി വന്നത്.