ഇരുമ്പ് കൂമ്പാരമായി തകര്‍ന്ന ബസ്, സ്‌ഫോടന ശബ്ദം 10 കി.മീ ദൂരം വരെ, ദുരന്തം ഉഗ്രരൂപം പൂണ്ട് പാഞ്ഞടുത്തതിങ്ങനെ

പുല്‍വാമ: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരന്‍ നടത്തിയ ആക്രമണത്തില്‍ മരിച്ച ജവാന്മാരുടെ എണ്ണം 44 ആയി. ജവാന്മാരുടെ വാഹനവ്യൂഹത്തിന് നേരെയാണ് ഭീകരന്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഇടിച്ചു കയറ്റിയത്. ഭീകരന്റെ വാഹനം ഇടിച്ച ബസിലുണ്ടായിരുന്ന എല്ലാ ജവാന്മാരും മരിച്ചു. ഒരു മലയാളി ജവാനും വിരമൃത്യു വരിച്ചു. വയനാട് ലിക്കിടി സ്വദേശി വസന്തകുമാറാണ് മരിച്ചത്.

വളരെ തീവ്രത കൂടിയ സ്‌ഫോടകവസ്തുക്കളാണ് ആക്രമണത്തിന് ഉപയോഗിച്ചത് എന്നാണ് നിഗമനം. 10-12 ദൂരം വരെ സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടതായി പ്രദേശവാസികള്‍ പറയുന്നു. സമീപത്തുണ്ടായിരുന്നവരെല്ലാം പ്രാണന്‍ ഭയന്ന് ഓടി. തകന്‍ന്ന ബസ് ഒരു ഇരുമ്പ് കൂമ്പാരമായി. മൃതദേഹങ്ങള്‍ ചിന്നി ചിതറി. 2001ലുണ്ടായ കാര്‍ ബോംബ് ആക്രമണത്തിന് ശേഷം താഴ് വരയില്‍ ഇതാദ്യമായാണ് ഇത്തരമൊരു ചാവേറാക്രമണം ഉണ്ടാകുന്നത്.

2017ല്‍ ജെയ്ഷെ ഭീകരര്‍ ആക്രമിച്ച ലെത്പോറ കമാന്‍ഡോ ട്രെയിനിങ് സെന്ററിന് അടുത്താണ് ഇപ്പോഴത്തെ ഭീകരാക്രമണം. അന്ന് അഞ്ച് സിആര്‍പിഎഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. സുരക്ഷാ സേനയ്ക്ക് നേരെയുളള നിരവധി ഭീകരാക്രമണങ്ങള്‍ക്കാണ് ജമ്മു- ശ്രീനഗര്‍ ഹൈവേ സാക്ഷ്യം വഹിച്ചത്.

ചാവേര്‍ ഭീകരാക്രമണത്തില്‍ 44 സിആര്‍പിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. ഒട്ടേറെ സൈനികര്‍ക്ക് പരുക്കേറ്റു. പലരുടേയും നില ഗുരുതരമാണ്. സൈനിക വാഹനവ്യൂഹത്തിലേക്ക് സ്ഫോടകവസ്തു നിറച്ച കാര്‍ ഇടിച്ചുകയറ്റിയായിരുന്നു ആക്രണം. പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് ആണ് ആക്രമണം നടത്തിയത്. 78 സൈനിക വാഹനങ്ങളിലായി 2547 ജവാന്മാരുണ്ടായിരുന്നു. 200 കിലോ സ്ഫോടകവസ്തുക്കളാണ് ആക്രമണത്തിന് ഉപയോഗിച്ചത്.