രാത്രിയായാല്‍ ഫേസ്ബുക്കില്‍ പച്ച ലൈറ്റ് കത്തി കിടന്നാല്‍ പാഞ്ഞടുക്കുന്നവര്‍ക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട് വിമര്‍ശനങ്ങള്‍ക്ക് ഇരയായ യുവതിയാണ് ജോമോള്‍ ജോസഫ്. യുവതിക്കെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് ഉണ്ടായത്. പിന്നീട് അവരുടെ ഓരോ പോസ്റ്റുകള്‍ക്കും വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്. പലരും യുവതിയുടെ നിറത്തെയും ശരീരത്തെയും വരെ പരിഹസിച്ചു. ഇപ്പോള്‍ തന്നെ കളിയാക്കുന്നവര്‍ക്കും തന്റെ ഭര്‍ത്താവിനെതിരെ ഫേക്ക് ഐഡിയില്‍ നിന്നും അസഭ്യം പറയുന്നവര്‍ക്കുമെതിരെ രംഗത്തെത്തിയിരിക്കുകയാണ് അവര്‍.
പലരും എന്റെ പോസ്റ്റുകളുടെ അടിയില്‍ തെറി വിളിക്കുന്നുണ്ട്, അല്ല ചേട്ടന്‍മാരേ, നിങ്ങള്‍ പറയുന്ന ഒരു പീറപ്പെണ്ണിനെ തെറിവിളിക്കാനായി സ്വന്തം മുഖവും സ്വന്തം പേരുമായി പോലും വരാന്‍ കഴിവില്ലാത്ത നിങ്ങളൊക്കെയാണോ ആണെന്ന് പറഞ്ഞ് നടക്കുന്നത്? എന്റെ ഭര്‍ത്താവിന്റെ നട്ടെല്ലില്ലായ്മയും, ആണത്തമില്ലായ്മയും വരെ ഫേക്ക് ഐഡിയില്‍ വന്ന് വിളമ്പുന്ന നിങ്ങള്‍ക്കൊക്കെ ഈ പൊതുസമൂഹത്തിന് മുന്നില്‍ യ്വന്തം ഫോട്ടോയും പേരും കാണിക്കാനായി പോലും ധൈര്യമില്ല എന്നത് കാണുമ്പോള്‍, നിങ്ങളെക്കാളൊക്കെ നട്ടെല്ലുറപ്പുണ്ട് ഈ പീറപ്പെണ്ണിന് എന്നതില്‍ ഞാനഭിമാനിക്കുന്നു.-ജോമോള്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ജോമോള്‍ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
മോഡലിങ്ങിനെ സംബന്ധിച്ച്..
ഞാന്‍ കറുത്തിട്ടാണോ, വെളുത്തിട്ടാണോ, എന്നതൊന്നുമല്ല മോഡലിങ്ങില്‍ എന്റെ കഴിവ് തീരുമാനിക്കുന്ന ഘടകങ്ങള്‍. ഇത്തരം കാര്യങ്ങളൊക്കെ നമ്മുടെ വികലമായ സൌന്ദര്യബോധത്തില്‍ നിന്നും ഉണ്ടായവയാണ്.
സാധാരണഗതിയില്‍ ഇരുപതുകളില്‍ മോഡലിങ് രംഗത്തേക്ക് വരികയും, മുപ്പതിന്റെ തുടക്കത്തിലോ, ഇരുപതുകളുടെ അവസാനത്തിലോ മോഡലിങ് രംഗം വിട്ടുപോകുകയും ചെയ്യുന്നവരെയാണ് നമുക്ക് കണ്ടുപരിചയം. ഇങ്ങനെ പരിചയിച്ച രംഗത്തേക്കാണ് മുപ്പതുകളുടെ തുടക്കത്തില്‍ ഞാന്‍ കടന്നുവരുന്നതെന്ന ഉത്തമ ബോധ്യം എനിക്കുണ്ട്.
ചെറുപ്പം മുതല്‍ ഞാന്‍ കേട്ടു ശീലിച്ച, എന്റെ നെഗറ്റീവെന്ന് എന്റെ അമ്മയില്‍നിന്നുപോലും കേട്ടിട്ടുള്ള, ഞാന്‍ പോലും ഇഷ്ടപ്പെടാതിരുന്ന, എന്നാല്‍ ഞാനിന്ന് ഏറെയിഷ്ടപ്പെടുന്ന എന്റെ ഉയരം തന്നെയാണ് ഇന്നെന്റെ ഏറ്റവും വലിയ പ്ലസ്സ് പോയിന്റ്. എനിക്ക് ഉയരം കൂടുതലായതിനാല്‍ എന്നും പിന്‍നിരയിലായിരുന്നു എന്റെ സ്ഥാനം. സ്‌കൂള്‍ അസംബ്ലിയിലായാലും, സ്‌കൂളിലെ ക്ലാസ്സുകളിലായാലും ഞാന്‍ പിന്‍ നിരയില്‍ തന്നെയായിരുന്നു. വീട്ടില്‍ എന്റെ ഉയരം കുറക്കാനായി നട്ടെല്ല് വളച്ച് ഇരിക്കാനായി നിര്‍ബന്ധിതയായ ഒരു പെണ്‍കുട്ടിയായിരുന്നു ഞാന്‍. ആ ശീലം ഇന്നും ഇരിക്കുമ്പോള്‍ എന്നിലേക്ക് ഞാനറിയാതെ കടന്നു വരുന്നു. ഇന്നും നട്ടെല്ല് വളച്ച് ഇരിക്കുമ്പോള്‍; ഒരു നോട്ടത്തിലൂടെയോ, ആംഗ്യത്തിലൂടെയോ, ചിലപ്പോള്‍ വഴക്കു പറച്ചിലിലൂടെയൊ നട്ടെല്ല് നിവര്‍ത്തിയിരിക്കാനായി എന്നെ നിര്‍ബന്ധിക്കുന്നത് എന്റെ ഭര്‍ത്താവ് തന്നെയാണ്. എനിക്ക് അഞ്ചടി ആരരയിഞ്ച് ഉയരമാണ് ഉള്ളത്. അതിനെ ഞാനിന്ന് എന്റെ ഏറ്റവും വലിയ പ്ലസ്സ് ആയി കാണുകയാണ്, എന്റെ ഉയരത്തെ ഞാന്‍ സ്‌നേഹിച്ച് തുടങ്ങിയിരിക്കുന്നു.
അടുത്തതായി മേക്കപ്പിനെ പറ്റി. ഇന്നു വരെ എന്റെ ജീവിതത്തില്‍ ലിപ്സ്റ്റിക്ക് അല്ലാതെ യാതൊരു മേക്കപ്പും ഉപയോഗിച്ചിട്ടില്ല. ഇനിയും ഉപയോഗിക്കാനായി പരിപാടിയുമില്ല. എന്റെ നിറത്തില്‍ യാതൊരു അപകര്‍ഷതാ ബോധവും എനിക്കില്ല. ആകെ ചെയ്യുന്നത് രണ്ട് മാസം കൂടുമ്പോള്‍ പുരികം ത്രഡ്ഡ് ചെയ്യുന്നതും, മുടി വെട്ടുന്നതും മാത്രമാണ്. കണ്ണാടി പോലും നോക്കുന്ന ശീലം എനിക്കില്ല. എല്ലാവരും ചെയ്യുന്നതുപോലെ തന്നെ മൊബൈല്‍ ആപ്‌സില്‍ ചിത്രം എഡിറ്റ് ചെയ്യാറുണ്ട്, അത് ചെയ്യുന്നത് ഞാനല്ല, എന്റെ ഭര്‍ത്താവാണ് സാധാരണ ഫോട്ടോ എടുക്കുന്നതും എഡിറ്റ് ചെയ്യുന്നതും എനിക്ക് അയക്കുന്നതും. അതിലെന്താണ് അസ്വാഭാവികതയെന്ന് എനിക്ക് മനസ്സിലാകുന്നില്ല. പിന്നെ ലൈവില്‍ വന്നത്, എനിക്ക് ക്യാമറ എങ്ങനെ പിടിക്കണമെന്നോ, ഒന്നും എനിക്കറിയില്ല. മാത്രമല്ല എന്റെ ആദ്യ ലൈവും. ഞാന്‍ വീട്ടില്‍ ഏത് കോലത്തിലാണോ ആ കോലത്തില്‍ തന്നെയാണ് ഞാന്‍ ലൈവില്‍ വന്നത്. മിനിയാന്ന് ആദ്യമായി എന്റെ മുഖത്ത് മേക്കപ്പിട്ടു, അത് ഫോട്ടോഷൂട്ടിനു വേണ്ടിയാണ്. എന്റെ ഫോട്ടോക്കായി എന്നെ സമീപിക്കുന്നവരാണ് എന്റെ വസ്ത്രവും, മേക്കപ്പും, എന്റെ ഹെയര്‍സ്‌റ്റൈലും തീരുമാനിക്കുന്നത്. ഫോട്ടോഷൂട്ട് തീരുമാനിക്കുന്നത് പല തീമിനേയും ബേസ് ചെയ്താണ്. ആ തീം തീരുമാനിക്കുന്നത് ഞാനല്ല, എന്നെ മോഡലായി ആവശ്യമുള്ളവരാണ് അത് തീരുമാനിക്കുന്നത്.