ചിത്രവും വന്ദനവും കണ്ട് മലയാളി ചിരിച്ചു മറിയുമ്പോള്‍ നിര്‍മ്മാതാവ് മരുന്നിനു പോലും വകയില്ലാത്തെ കടക്കെണിയില്‍

സൂപ്പര്‍ഹിറ്റായ ചിത്രവും വന്ദനവും കണ്ട് മലയാളി ചിരിച്ചു മറിയുമ്പോള്‍ സിനിമകളുടെ നിര്‍മാതാവ് പി.കെ.ആര്‍. പിള്ള മരുന്നിനുപോലും വകയില്ലാതെ രോഗക്കിടക്കയില്‍.

ഷിര്‍ദിസായി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ചിത്രം, കിഴക്കുണരും പക്ഷി, വന്ദനം, അമൃതംഗമയ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ നിര്‍മാതാവാണ് ഇദ്ദേഹമെങ്കിലും ഇന്നു ജീവിതം ദുരിതത്തിലാണ്. അദ്ദേഹത്തിന്റ ബിസിനസ് സാമ്രാജ്യം അടുപ്പക്കാരില്‍ പലരും സ്വന്തമാക്കിയതോടെയാണ് പ്രതിസന്ധിയിലായത്.

തീയറ്ററുകള്‍ നിറഞ്ഞോടിയ ഈ ചിത്രങ്ങളുടെ സംപ്രേക്ഷണ അവകാശം ആരുടെ െകെവശമാണെന്നറിയാതെ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ കയറിയിറങ്ങുകയാണ് പി.കെ.ആര്‍. പിള്ളയുടെ കുടുംബം.

ചാനലുകളില്‍ ഇന്നും പ്രദര്‍ശിപ്പിക്കുന്ന ഈ ചിത്രങ്ങളുടെ അവകാശം ആരുടെ പക്കലാണെന്ന് 85 വയസിന്റെ അവശതകള്‍ക്കിടയില്‍ അദ്ദേഹത്തിന് ഓര്‍മയില്ല. ഇളയ മകളുടെ വിവാഹം നടത്താന്‍ നിവൃത്തിയില്ലാതെ വന്നപ്പോഴാണ് അദ്ദേഹത്തിന്റെ ഭാര്യയും മക്കളും നിര്‍മാതാക്കളുടെ സംഘടനയുടെ സഹായം തേടിയെത്തിയത്.

ഇതോടെയാണ് മലയാള ചലച്ചിത്ര ലോകത്തെ സൂപ്പര്‍ഹിറ്റ് നിര്‍മാതാവിന്റെ ഇപ്പോഴത്തെ സ്ഥിതി പുറംലോകമറിഞ്ഞത്.

നിര്‍മാതാവ് സജി നന്ത്യാട്ടിലാണ് ഇദ്ദേഹത്തിന്റെ സ്ഥിതി സമൂഹമാധ്യമങ്ങളിലൂടെ പുറംലോകത്തെ അറിയിച്ചത്. 22 സിനിമകളാണ് പി.കെ.ആര്‍. പിള്ള നിര്‍മിച്ചത്. മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള സൂപ്പര്‍താര ചിത്രങ്ങളായിരുന്നു മിക്കതും.

ചിത്രങ്ങളുടെ അവകാശം കൈവശപ്പെടുത്തിയവര്‍ കോടികളുടെ സാറ്റെലെറ്റ് തുക സമ്പാദിക്കുമ്പോഴാണ് ആ ചിത്രങ്ങളുടെ നിര്‍മാതാവ് ചികിത്സയ്ക്കു പോലും ബുദ്ധിമുട്ടുന്നത്. സിനിമയിലേക്ക് തിരിച്ചുവരാന്‍ കഴിയുമെന്ന് അഗ്രഹിച്ചിരുന്നതായി ഭാര്യ രമ പറയുന്നു.

എറണാകുളം കൂത്താട്ടുകുളം സ്വദേശിയായ പി.കെ.ആർ പിള്ളയുടെ ബിസിനസ് സംരംഭങ്ങൾ മുംബയിലായിരുന്നു. പ്രതാപകാലത്ത് മുംബയ് മുനിസിപ്പാലിറ്റിയിലേക്ക് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചു. ഇന്ദിരാഗാന്ധിയുടെ അടുത്ത സൗഹൃദം സ്ഥാപിച്ചു.

35 വർഷം മുമ്പ് ചെന്നൈയിൽ എത്തിയ കാലത്താണ് ആദ്യസിനിമ വെപ്രാളം നിർമിച്ചത്-. അതിൽ ഇരട്ടറോളിൽ അഭിനയിച്ചു. എൺപതുകളുടെ തുടക്കം മുതൽ 20 വർഷത്തിനിടെ 22 സിനിമകൾ. ബിസിനസ് തകർന്നപ്പോൾ എല്ലാം മതിയാക്കി പത്തു വർഷം മുൻപ് തൃശൂർ പട്ടിക്കാട് കമ്പനിപ്പടിയിൽ താമസമായി.

ഇളയ മകന്‍ സിദ്ധു സിനിമകളില്‍ അഭിനയിക്കാന്‍ തുടങ്ങിയതോടെ തിരിച്ചു വരവ് സാധ്യമാകുമെന്നും വിശ്വസിച്ചു. എന്നാല്‍, കഴിഞ്ഞവര്‍ഷം സിദ്ധു ദുരൂഹമായി മരിച്ചതോടെ അദ്ദേഹം മാനസികമായി തകര്‍ന്നു.

മറവിയുടെ ലോകത്താണെങ്കിലും മകന്‍ വരുന്നതും നോക്കി ഇന്നും ജനലിലൂടെ കാത്തിരിക്കുകയാണ് അദ്ദേഹം. സിനിമയുടെ അടിവേരുകള്‍ നഷ്ടപ്പെട്ട് പത്തുവര്‍ഷം മുമ്പാണ് കൂത്താട്ടുകുളത്തുനിന്നും തൃശൂര്‍-പീച്ചി കമ്പനിപ്പടിയിലെ വീട്ടിലേക്ക് പി.കെ.ആര്‍. പിള്ളയും കുടുംബവും എത്തിയത്.

അക്കാലത്ത് ആറുകോടിയിലധികം രൂപ മതിപ്പുള്ള വീടും സ്ഥലവും കേവലം 70 ലക്ഷത്തിനു വില്‍ക്കേണ്ടി വന്നു. തൃശൂരില്‍ ഇപ്പോള്‍ താമസിക്കുന്ന വീടും സ്ഥലവും മാത്രമാണ് ബാക്കിയുള്ള സമ്പാദ്യം.

85 വയസ്സുള്ള പിള്ളയുടെ ആദ്യഭാര്യ മരിച്ചു. മൂന്നു വർഷം മുമ്പ് മോൻ സിദ്ധു കൂടി മരിച്ചതോടെയാണ് ഓർമ്മ നഷ്ടമായത്. നിർമ്മിച്ച ചില സിനിമകൾ ഹിറ്റായെങ്കിലും പലതും നഷ്ടമായിരുന്നു. മുംബയിലും ചെന്നൈയിലും ഉണ്ടായിരുന്ന സ്ഥലങ്ങൾ വിറ്റു. ബിസിനസ് തകർന്നു. കൂത്താട്ടുകുളത്തെ കോടികൾ വിലവരുന്ന സ്ഥലം ഒരു നിർമ്മാതാവ് കൈക്കലാക്കി.

22 സിനിമകൾ നിർമിക്കുകയും രണ്ടു സിനിമയിൽ അഭിനയിക്കുകയും ചെയ്ത അദ്ദേഹത്തിന് പെൻഷനു പോലും അർഹതയില്ലേ എന്നാണ് വീട്ടുകാര്‍ ചോദിക്കുന്നത്. കൈയിൽ കാശില്ലാതായപ്പോൾ ആരും തിരിഞ്ഞുനോക്കിയില്ല. അന്നു മുതല്‍ ഇത്രകാലമായിട്ടും സിനിമാ രംഗത്തുനിന്നും ഒരാള്‍പോലും അന്വേഷിച്ചെത്തിയില്ലെന്ന് വീട്ടുകാര്‍ പറയുന്നു.

അദ്ദേഹത്തിന്റെ ദാരുണാവസ്ഥ പുറത്തു വന്നതോടെ നിര്‍മാതാക്കളുടെ സംഘടനയില്‍നിന്നും പലരും വിളിച്ചു വിശേഷങ്ങള്‍ തിരക്കി.

നിര്‍മാതാവ് സുരേഷ്, ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ നേരിലും അല്ലാതെയും സാഹചര്യങ്ങള്‍ ചോദിച്ചറിഞ്ഞു. സംഘടനയുടെയും പഴയ സഹപ്രവര്‍ത്തകരുടെയും സഹായത്തോടെ സിനിമകള്‍ സംബന്ധിച്ച രേഖകള്‍ തിരിച്ചു കിട്ടുമെന്നാണ് പി.കെ.ആര്‍. പിള്ളയുടെ കുടുംബം പ്രതീക്ഷിക്കുന്നത്.