വിവാഹം കഴിക്കാഞ്ഞത് പുരുഷവിരോധി ആയതുകൊണ്ടല്ല; തുറന്നു പറഞ്ഞ് സലീമ

ചെന്നൈ : മലയാള സിനിമാ പ്രേമികളുടെ മനസ്സില്‍ എംടി-ഹരിഹരന്‍ കൂട്ടുകെട്ട് ഒരുക്കിയ നഖക്ഷതങ്ങള്‍, ആരണ്യകം എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ ഇടംപിടിച്ച നടിയാണ് സലീമ. അവസാനമായി സലീമ മലയാളത്തില്‍ അഭിനയിച്ച സിനിമ മഹായാനമാണ്. പിന്നീട് നീണ്ട കാലത്തേക്ക് ഈ നടിയെക്കുറിച്ച് വാര്‍ത്തകളൊന്നും കേട്ടിരുന്നില്ല.

തെന്നിന്ത്യന്‍ സിനിമയുടെ കേന്ദ്രമായ ചെന്നൈയില്‍ ഏകയായി കഴിയുകയാണ് സലീമ. മലയാള സിനിമ മറക്കാനാവാത്ത ഒട്ടേറെ സുവര്‍ണാനുഭവങ്ങളാണ് തനിക്ക് നല്‍കിയത്. താരം ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. താന്‍ പുരുഷവിരോധി ആയതുകൊണ്ടല്ല വിവാഹം കഴിക്കാത്തതെന്ന് സലീമ പറയുന്നു. വിവാഹത്തോട് തനിക്ക് എതിര്‍പ്പുമില്ല. എന്നാല്‍ സാഹചര്യങ്ങളും അനുകൂല ഘടകങ്ങളും ഒത്തുവന്നില്ല. അവിവാഹിതയായി കഴിയുന്നതിന്റെ കാരണം താരം വിശദീകരിച്ചു. എന്നാല്‍ അതിന്റേതായ സമയത്ത് വിവാഹം സംഭവിക്കുമെന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്നും സലീമ പറഞ്ഞു.

ഒപ്പം അഭിനയിച്ചിരുന്ന പഴയ താരങ്ങളുമായി ഇപ്പോള്‍ ബന്ധമില്ല. അടുത്തിടെ ഒരു ഫിലിം ഡയറക്ടറിയില്‍ നിന്നും വിനീതിന്റെ ഫോണ്‍നമ്പര്‍ ലഭിച്ചു. എന്നെ അറിയുമോ എന്ന് ചോദിച്ചു. ഇല്ല എന്ന് പറഞ്ഞപ്പോള്‍, നിങ്ങള്‍ക്കൊപ്പം മൂന്നുസിനിമയില്‍ അഭിനയിച്ച സലീമയാണെന്ന് പരിചയപ്പെടുത്തിയപ്പോള്‍ അദ്ദേഹത്തിനും അത്ഭുതമായിരുന്നു. മോനിഷയുടെ അമ്മ ശ്രീദേവി ഉണ്ണിയുമായും ഫോണിലൂടെ ബന്ധം പുലര്‍ത്താറുണ്ടെന്ന് സലീമ പറഞ്ഞു. സാഹചര്യങ്ങള്‍ ഒത്തുവന്നാല്‍ ചെന്നൈയില്‍ നിന്നും കൊച്ചിയിലേക്ക് താമസം മാറ്റുന്നതും പരിഗണിച്ചേക്കുമെന്ന് സലീമ പറഞ്ഞു.