ബിഷപ്പിനെതിരെ സമരം ചെയ്ത ഒരു കന്യാസ്ത്രിക്കു കൂടി സ്ഥലംമാറ്റം;സിസ്റ്റര്‍ നീന റോസിനെ മാറ്റുന്നത് പഞ്ചാബിലെ ജലന്ധറിലേക്ക്

കൊച്ചി: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരെ സമരത്തില്‍ പങ്കെടുത്ത ഒരു കന്യാസ്ത്രിക്ക് കൂടി സ്ഥലം മാറ്റം. സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ നീന റോസിനെയാണ് ഫ്രാങ്കോയുടെ നിയന്ത്രണത്തിലുള്ള ജലന്ധറിലേക്ക് മാറ്റിയിരിക്കുന്നത്.

സിസ്റ്റര്‍ നീന റോസ് സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്ന് കത്തില്‍ പറയുന്നു. ഈ മാസം 26ന് ജലന്ധറില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദ്ദേശമുണ്ടായിരിക്കുന്നത്.

നേരത്തെ കൊച്ചിയില്‍ നടന്ന സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍മാരായ അനുപമ, ജോസ്ഫിന്‍, ആല്‍ഫി, ആന്‍സിറ്റ എന്നിവരെ നേരത്തെ സ്ഥലം മാറ്റി ഉത്തരവ് ഇട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട് കോടതി നടപടികളോട് സഹകരിക്കുന്നതില്‍ തടസമുണ്ടാകില്ല.

12ന് സ്ഥലംമാറ്റത്തെക്കുറിച്ചുള്ള കത്തയച്ചിരിക്കുന്നത്. സഭയ്‌ക്കെതിരെ പരസ്യമായി തെരിവില്‍ ഇറങ്ങിയത് ചട്ടലംഘനമാണെന്നും നടപടിയില്‍ പറയുന്നു.

നേരത്തെ, കേസ് നടക്കുന്ന സാഹചര്യത്തില്‍ സ്ഥലംമാറ്റിയതിനെതിരെ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് കന്യാസ്ത്രിമാര്‍ മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നു. കേസ് അവസാനിക്കുന്ന വരെ തങ്ങളെ കുറവിലങ്ങാട് മഠത്തില്‍ തന്നെ കഴിയാന്‍ അനുവദിക്കണമെന്നുമാവശ്യപ്പെട്ടാണ് കത്ത്.