കൊച്ചി : ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് കഴിയുന്ന പി കെ കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ നല്‍കുന്നതിനെതിരെ ഹൈക്കോടതി. കുഞ്ഞനനന്തന് അസുഖം ഉണ്ടെങ്കില്‍ പരോള്‍ നല്‍കുകയല്ല,ചികിത്സ നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് ഹൈക്കോടതി. തടവുകാരന് ചികിത്സ നല്‍കേണ്ടത് സര്‍ക്കാര്‍ ആണെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. സംഭവത്തില്‍ രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വിഷയത്തില്‍ കുഞ്ഞനന്തനും കോടതി നോട്ടീസ് അയക്കും.
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പതിമൂന്നാം പ്രതിയാണ് കുഞ്ഞനന്തന്‍. ചികിത്സയുടെ പേരില്‍ പരോള്‍ വാങ്ങി കുഞ്ഞനന്തന്‍ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുകയാണെന്നു ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ ആരോപിച്ചു.
2014 ജനുവരിയിലാണ് ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് സിപിഎം പാനൂര്‍ ഏരിയാകമ്മിറ്റിയംഗം പി കെ കുഞ്ഞനന്തന്‍ ജയിലിലാകുന്നത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് പോയ കുഞ്ഞനനന്തന്‍ പക്ഷേ നാല് വര്‍ഷം പിന്നിടുമ്പോള്‍ 389 ദിവസം പുറത്തായിരുന്നുവെന്നാണ് പരോള്‍ രേഖകള്‍ വ്യക്തമാക്കുന്നത്. കുഞ്ഞനന്തന് പരോള്‍ അനുവദിച്ച സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്താണ് കെ കെ രമ ഹൈക്കോടതിയെ സമീപിക്കുന്നത് .
അതേസമയം, സാധാരണ പരോളിന് പുറമെ ജയില്‍ സൂപ്രണ്ടിന് 10 ദിവസവും, ഡിജിപിക്ക് 15 ദിവസവും, സര്‍ക്കാരിന് 45 ദിവസവും അധികമായി അനുവദിക്കാമെന്നും നിയമപ്രകാരമുളള ഈ ഇളവേ കുഞ്ഞനനന്തന് കിട്ടുന്നുള്ളൂവെന്നുമാണ് നേരത്തെ സംഭവത്തില്‍ ജയില്‍വകുപ്പ് നല്‍കിയ വിശദീകരണം. നേരത്തെ പ്രായാധിക്യം കണക്കിലെടുത്ത് കുഞ്ഞനന്തന് ശിക്ഷയില്‍ ഇളവ് നല്‍കി വിട്ടയക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കെ കെ രമയുടെ പരാതിയില്‍ ഗവര്‍ണ്ണര്‍ ഇടപെട്ടതോടെ അത് നടക്കാതെ പോവുകയായിരുന്നു.