ഓഖിയിലും പ്രളയത്തിലും ജീവനുവേണ്ടി പോരാടിയ 1200 ജീവനുകള്‍ രക്ഷിച്ചു; മലയാളി വിങ് കമാന്‍ഡര്‍ക്ക് ധീരതയ്ക്കുള്ള അവാര്‍ഡ്

തിരുവനന്തപുരം: ഓഖിയിലും പ്രളയത്തിലും ജീവനുവേണ്ടി പോരാടിയവരെ സുരക്ഷിതമായി കരയ്‌ക്കെത്തിച്ച മലയാളിയായ വിങ് കമാന്‍ഡറെ രാജ്യം ധീരതയ്ക്കുള്ള അവാര്‍ഡ് നല്‍കി ആദരിക്കുന്നു. ബി.പ്രശാന്തിനാണ് പ്രസിഡന്റിന്റെ ധീരതയ്ക്കുള്ള വായുസേനാ മെഡല്‍ ഗ്യാലന്ററി അവാര്‍ഡ് ലഭിച്ചത്. തിരുവനന്തപുരം കുറ്റിച്ചല്‍ സ്വദേശിയാണ് അദ്ദേഹം. കോയമ്പത്തൂരിലെ സുളൂര്‍ വ്യോമസേനാകേന്ദ്രത്തിലെ ഗരുഡ് കമാന്‍ഡോകളുടെ കമാന്‍ഡിങ് ഓഫീസറാണ് പ്രശാന്ത്്.

ചുഴലിക്കാറ്റില്‍ പെട്ട് വള്ളത്തില്‍ ഇറുക്കി പിടിച്ചു കിടന്ന മത്സ്യ തൊഴിലാകളെ രക്ഷപ്പെടുത്തിയത് ഒരിക്കലും മറക്കാനാവാത്ത അനുഭവമാണെന്ന് വിങ് കമാന്‍ഡര്‍ പ്രശാന്ത് പറയുന്നു. ജീവനുവേണ്ടി കേണ 1200 പേരെയാണ് തന്റെ നേതൃത്വത്തിലുള്ള ഗരുഡ് കമാന്‍ഡോകള്‍ രക്ഷപ്പെടുത്തിയത്. 115 പേരെ താന്‍ ഒറ്റയ്ക്കു രക്ഷപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിലൂടെ ഹെലികോപ്ടര്‍ കടന്നുപോകുമ്പോള്‍ കെട്ടിടങ്ങളുടെ മുകളില്‍ നിന്ന് കൈകാട്ടിവിളിക്കുന്നവരുടെ സങ്കടക്കാഴ്ച മറക്കാനാവില്ല. 102 വയസ്സുള്ള സ്ത്രീയെ രക്ഷപ്പെടുത്താനെത്തിയപ്പോള്‍ അവര്‍ ആദ്യം വിസമ്മതിച്ചു. തുടര്‍ന്ന് രണ്ട് കമാന്‍ഡോകളെക്കൂടി താഴെയിറക്കി. ഇവരുടെ സഹായത്തോടെ പെട്ടിപോലുള്ള കമ്പിക്കൂടിനകത്ത് സ്ത്രീയെ കയറ്റിയിരുത്തിയാണ് രക്ഷിച്ചത്. ഇവരെ പിന്നീട് തിരുവനന്തപുരത്തെത്തിച്ച് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.

പൂര്‍ണ ഗര്‍ഭിണികളായ ആറുപേരെ രക്ഷപ്പെടുത്തുന്നത് ഏതൊരു രക്ഷാപ്രവര്‍ത്തനത്തെക്കാളും ബുദ്ധിമുട്ടുള്ളതായിരുന്നു. വളരെ കരുതലോടെയായിരുന്നു ഇവരെ രക്ഷപ്പെടുത്തിയതെന്നും പ്രശാന്ത് പറഞ്ഞു. ഓഖിയിലും പ്രളയത്തിയത്തിലുമായി 22 ദിവസമായിരുന്നു പ്രശാന്തിന്റെ നേതൃത്വത്തില്‍ ശംഖുംമുഖവും കൊച്ചിയും കേന്ദ്രീകരിച്ച് 25 കമാന്‍ഡോകളുടെ രക്ഷാപ്രവര്‍ത്തനം.