‘ഇങ്ങനെയാണെങ്കില്‍ മറീയം റഷീദക്കും ഗോവിന്ദചാമിക്കും അമീറുള്‍ ഇസ്‌ലാമിനും പുരസ്‌കാരം നല്‍കേണ്ടി വരും’; നമ്പി നാരായണനെതിരെ സെന്‍കുമാര്‍

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയതിനെതിരെ മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍. പുരസ്‌കാരം ലഭിക്കാന്‍ മാത്രം എന്ത് സംഭാവനയാണ് നമ്പി നാരായണന്‍ നല്‍കിയതെന്ന് സെന്‍കുമാര്‍ ചോദിക്കുന്നു. അവാര്‍ഡ് നല്‍കിയവര്‍ ഇക്കാര്യം വിശദമാക്കണം. ശരാശരിയില്‍ താഴെ മാത്രമുള്ള ഒരു ശാസ്ത്രഞ്ഞനാണ് നമ്പി നാരായണനെന്നും സെന്‍കുമാര്‍ പറഞ്ഞു.

ഇങ്ങനെയാണെങ്കില്‍ മറീയം റഷീദക്കും ഗോവിന്ദചാമിക്കും അമീറുള്‍ ഇസ്‌ലാമിനും പുരസ്‌കാരം നല്‍കേണ്ടി വരുമെന്നും സെന്‍കുമാര്‍ പരിഹസിച്ചു. സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റി ചാരക്കേസ് പരിശോധിക്കുകയാണ്. ഈയൊരു സാഹചര്യത്തില്‍ നമ്പി നാരായണന് പുരസ്‌കാരം നല്‍കിയത് എന്തിനാണ്. അന്വേഷണത്തിന് ശേഷം അദ്ദേഹത്തിന് ഭാരത് രത്‌ന തന്നെ നല്‍കിയാലും അതിനെ സ്വാഗതം ചെയ്യുമെന്നും സെന്‍കുമാര്‍ വ്യക്തമാക്കി.