കോട്ടയം : നിരന്തര പീഡനത്തെ തുടര്‍ന്ന് സ്വന്തം പിതാവിനെപ്പോലും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലെത്തിയിരുന്നുവെന്ന് വെളിപ്പെടുത്തി വിതുര പീഡനക്കേസിലെ പെണ്‍കുട്ടി. വിചാരണ സമയത്ത് കോടതിയില്‍ നല്‍കിയ മൊഴിയിലാണ് പെണ്‍കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
ജയിലില്‍ നിന്നും ഇറങ്ങിയപ്പോള്‍ കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയ അച്ഛന്‍ തന്നെ ‘മോളേ’ എന്ന് വിളിച്ചപ്പോള്‍ ഉപദ്രവിക്കാന്‍ എത്തിയ ആരോ ആണെന്ന് കരുതി അലറിക്കരഞ്ഞതായും പെണ്‍കുട്ടി പറഞ്ഞു.
1996 ജൂലൈ 23 നാണ് പ്രതി സണ്ണിയുടെ കടവന്ത്രയിലെ വീട്ടില്‍ നിന്നും ഇരയായ പെണ്‍കുട്ടി ഉള്‍പ്പെടെ ഏതാനും സ്ത്രീകളെയും പുരുഷന്മാരെയും വ്യഭിചാരക്കുറ്റത്തിന് പോലീസ് പിടികൂടിയത്. ഏഴ് ദിവസത്തിന് ശേഷം ജാമ്യം ലഭിച്ച് പുറത്തിറങ്ങുമ്പോഴാണ് കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയ അച്ഛനെപ്പോലും തിരിച്ചറിയാന്‍ കഴിയാത്ത മാനസികാവസ്ഥയില്‍ എത്തിയിരുന്നു. ഒന്നാം പ്രതി സുരേഷിന്റെ കരുതല്‍ തടങ്കലില്‍ നിന്നും ജയിലില്‍ എത്തിയശേഷമാണ് ഒരു സ്ത്രീയെ എങ്കിലും കാണാന്‍ കഴിഞ്ഞത്. ഒരു വര്‍ഷം പുറംലോകവുമായി ബന്ധമില്ലാതുള്ള കൊടിയ പീഡനങ്ങള്‍.
ഒന്നാം പ്രതി സുരേഷാണ് പല സ്ഥലത്തും മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചതും മറ്റുള്ളവര്‍ക്ക് കാഴ്ചവെച്ചതും. അടച്ചിട്ട മുറിയില്‍ ഒട്ടേറെപ്പേര്‍ മാറി മാറി പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. 1995 ഒക്‌ടോബര്‍ 21 മുതല്‍ 1996 ജൂലൈ 10 വരെ നേരിട്ട കൊടിയ പീഡനത്തിന്റെയും ശാരീരിക ഉപദ്രവത്തിന്റെയും അനുഭവങ്ങളാണ് പെണ്‍കുട്ടി കോടതിയെ അറിയിച്ചത്.
ശരീരത്തിന് ഏറ്റ മുറിവുണങ്ങിയെങ്കിലും മനസിനേറ്റ മുറിവ് ഇപ്പോഴും ഉണങ്ങിയിട്ടില്ല. പഴയ കാര്യങ്ങള്‍ മനസ്സില്‍ കിടക്കുന്നതിനാല്‍ നിലവിലെ കുടുംബജീവിതം പോലും സുഖകരമാകുന്നില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. കേസില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തല്‍ പൂര്‍ത്തിയായി. പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താരം അടുത്തമാനം എട്ടിന് നടക്കും.
പ്രതി സുരേഷില്‍ നിന്നും ജീവന് ഭീഷണിയുണ്ടെന്നും ഇയാളുടെ ജാമ്യം റദ്ദാക്കണമെന്നും യുവതി നേരത്തെ തന്നെ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ഇതുപ്രകാരം ഇയാളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതയില്‍ നല്‍കിയിട്ടുള്ള അപേക്ഷ കോടതി ഇന്ന് പരിഗണിക്കും.