അവനെ നന്നാക്കാനാണ് കൂടെക്കൂട്ടിയതെന്ന് ബാലു പറഞ്ഞിരുന്നു; ഡ്രൈവര്‍ക്ക് കാലിനു മാത്രമേ പരിക്കുള്ളൂ, സത്യമെന്താണെന്ന് ദൈവത്തിനേ അറിയൂ… വെളിപ്പെടുത്തലുമായി പിതാവ്

തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പിതാവ് സി.കെ ഉണ്ണി. പാലക്കാട്ടുള്ള ആയുര്‍വേദ റിസോര്‍ട്ടിന് ബാലഭാസ്‌കര്‍ വഴി ഒന്നരക്കോടി രൂപ ലോണ്‍ ലഭിച്ചിട്ടുണ്ട്. എസ്.ബി.ഐ വഴിയായിരുന്നു അത്. തന്റെ സഹോദരനായിരുന്നു ആ സമയത്ത് അവിടുത്തെ ഡെപ്യൂട്ടി മാനേജര്‍. അതിന് ശേഷമാണ് വളരെ ചെറിയ രീതിയിലായിരുന്ന റിസോര്‍ട്ട് പെട്ടെന്ന് വളര്‍ച്ച പ്രാപിച്ചതെന്നും തിരുവനന്തപുരത്ത് ബാലഭാസ്‌കര്‍ അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കവേ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

വാഹനമോടിച്ചിരുന്ന അര്‍ജുനെ ആ ആയുര്‍വേദ ഡോക്ടര്‍ തന്നെയാണ് ഡ്രൈവറായി വിട്ടത്. അവനെ നന്നാക്കാനാണ് കൂട്ടിയതെന്നാണ് ബാലു പറഞ്ഞത്. അര്‍ജുന്റെ പേരില്‍ എന്തോ ക്രിമിനല്‍ കേസോ ക്വട്ടേഷന്‍ ഏര്‍പ്പാടോ ഒക്കെ ഉണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. മനപൂര്‍വ്വം ഉണ്ടാക്കിയ കേസാണെന്ന് എനിക്ക് തോന്നി. ഡ്രൈവര്‍ക്ക് കാലില്‍ മാത്രമേ പരിക്കുള്ളൂ. സത്യം എന്താണെന്ന് ദൈവത്തിനേ അറിയൂ.

പാലക്കാട് ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയ്ക്ക് പോയപ്പോഴാണ് അവരുമായി ചങ്ങാത്തത്തിലായത്. പിന്നെ ഇടയ്ക്കിടെ അവിടെ താമസിക്കും. അന്നൊക്കെ ചെറിയൊരു ആശുപത്രിയായിരുന്നു അത്. റിസോര്‍ട്ട് ഡെവലപ്പ് ചെയ്യാന്‍ ബാലു പറഞ്ഞിട്ട് ഒന്നരക്കോടി രൂപ ലോണ്‍ കൊടുത്തുവെന്നാണ് അവന്‍ പറഞ്ഞത്. അതിന് ശേഷം ബാലുവിന്റെ വലിയൊരു ഇന്‍വെസ്റ്റ്‌മെന്റ് അവിടെ ഉണ്ടായിരുന്നു. എന്നാല്‍, തെളിവുകളൊന്നും തരാനില്ലെന്നും വിതുമ്പലോടെ പിതാവ് പറയുന്നു.

ചെറുപ്പളശ്ശേരിയില്‍ 50 സെന്റ് സ്ഥലം വാങ്ങിയിട്ടുണ്ടെന്ന് ബാലു എന്നോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍, അതിന്റെയൊന്നും കണക്കുകള്‍ ഇപ്പോള്‍ കാണാനില്ല. എനിക്ക് വയസ്സുകാലത്ത് ആകെ ഉണ്ടായിരുന്ന ഊന്നുവടിയാണ് ഇല്ലാതായതെന്നും തേങ്ങലോടെ പിതാവ് പറഞ്ഞു.