സോഷ്യല്‍ മീഡിയയില്‍ വളരെ വേഗത്തില്‍ തരംഗമായ ചലഞ്ചാണ് 10ഇയര്‍ ചലഞ്ച്. സാധരണക്കാരും സെലിബ്രിറ്റികളും ഒരുപോലെ പങ്കുവെച്ച ചിത്രങ്ങള്‍ ചിരിയും കൗതുകവും സന്തോഷവുമൊക്കെ ഈ ചലഞ്ചിലൂടെ നല്കി. എന്നാല്‍ ലക്ഷ്മി അഗര്‍വാള്‍ എന്ന പെണ്‍കുട്ടി പങ്കുവെച്ച ചിത്രങ്ങള്‍ ആരെയും നൊമ്പരപ്പെടുത്തുന്നതാണ്. ആസിഡ് ആക്രമണത്തിന്റെ ഇരയാണ് ലക്ഷ്മി.
ആസിഡ് ആക്രമണം കൊണ്ട് തന്റെ ജീവിതത്തെ തകര്‍ക്കാന്‍ ശ്രമിച്ചവന് സന്തോഷമായി ജീവിച്ചു കാണിച്ചു കൊടുത്തുകൊണ്ടാണ് തന്റെ ജീവിത കഥ പറയുന്ന കുറച്ചു ചിത്രങ്ങള്‍ ടെന്‍ ഇയര്‍ ചലഞ്ചിന്റെ ഭാഗമായി ലക്ഷ്മി പങ്കുവച്ചത്. 2005 ല്‍ ആണ് ലക്ഷ്മിയുടെ ജീവിതം മാറ്റിമറിച്ച ദുരനുഭവമുണ്ടായത്. അവളുടെ 16-ാം വയസ്സില്‍ പ്രണയാഭ്യര്‍ഥന നിരസിച്ചതിനുള്ള പ്രതികാരമായിട്ടാണ് അവളുടെ മുഖത്തേക്ക് ഒരുവന് ആസിഡ് വീശിയൊഴിച്ചത്. ഒരുപാട് ശസ്ത്രക്രിയകള്‍ക്കും ചികില്‍സകള്‍ക്കും ശേഷമാണ് ലക്ഷ്മിക്ക് ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ സാധിച്ചത്.
അപ്രതീക്ഷിതമായി തന്റെ ജീവിതത്തില്‍ ഉണ്ടായ ദുരന്തത്തില്‍ പോരാടിയ അവള്‍ക്ക് കൂട്ടായി ഒരു ജീവിത പങ്കാളിയും എത്തി. ഇപ്പോള്‍ ഒരു കുഞ്ഞിന്റെ അമ്മകൂടിയാണ് ലക്ഷ്മി. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി പിന്നീട് ആസിഡ് ആക്രമണങ്ങള്‍ക്കിരയായ സ്ത്രീകളെ പുനരധിവസിപ്പിക്കുന്ന കൂട്ടായ്മയ്ക്ക് നേതൃത്വം നല്കി. ലക്ഷ്മിയുടെ ജീവിതം പ്രമേയമാക്കി എത്തുന്ന. ‘ഛപാക്’ എന്ന ചിത്രത്തില്‍ ദീപിക പദുകോണാണ് നായിക.