തൊടുപുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ച് കുട്ടിയുമായി മുങ്ങിയ പ്രതി മേലുകാവ് വൈലാറ്റില്‍ ജോര്‍ജിനെ(അപ്പു 21) കുറിച്ച് പുറത്തെത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. നേരത്തെയും സമാന രീതിയിലുള്ള കേസില്‍ അപ്പു പിടിയിലായിട്ടുണ്ട്. ചിങ്ങവനം പോലീസ് സ്റ്റേഷനില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിയെടുത്തതിന് ഇയാളുടെ പേരില്‍ പോക്‌സോ കേസുണ്ട്. കാഞ്ഞാര്‍ പോലീസ് സ്റ്റേഷനില്‍ മോഷണ കേസുമുണ്ട്. പലയിടങ്ങളിലും ഇയാള്‍ പെണ്‍കുട്ടികളെ വലയിലാക്കിയെന്നാണ് വിവരം.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമായി പരിചയത്തിലാകും തുടര്‍ന്ന് പ്രലോഭിപ്പിച്ച് ഇവരുമായി ഒളിവില്‍ കഴിയും, പിന്നീട് പണവും ആഭരണവും തട്ടിയെടുത്ത് നാടുവിടും. അടുത്ത്ത് മറ്റെവിടെയെങ്കിലും എത്തി ഇതേ രീതി തുടരും.
ഇന്നലെ വൈകിട്ട് കുമളി സ്റ്റേഷനില്‍ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ബന്ധുക്കള്‍ കോടതിയെ സമീപിച്ചിരുന്നതിനാല്‍ പെണ്‍കുട്ടിയെ ഇന്നലെ ഹൈക്കോടതിയില്‍ ഹാജരാക്കി. പെണ്‍കുട്ടിയെയുമായി മുങ്ങി 23 ദിവസമാണ് അപ്പു കാട്ടില്‍ കഴിഞ്ഞത്. മാങ്ങയും , നാളികേരവും വെള്ളവും കുടിച്ചാണ് ഇവര്‍ കഴിഞ്ഞിരുന്നത്. കാടിറങ്ങി മറ്റൊരു പ്രദേശത്തേക്ക് പോകുന്നതിനിടെയാണ് ഇരുവരും പിടിയിലായത്.
അപ്പുവിന്റെ ബൈക്കും പെണ്‍കുട്ടിയുടെ ബാഗും ഭക്ഷണാവശിഷ്ടങ്ങളും പോലീസ് കണ്ടെത്തിയെങ്കിലും കമിതാക്കളെ കണ്ടെത്താനായിരുന്നില്ല. കഴിഞ്ഞ ജനുവരി ആറിനാണ് കുമളിക്കടുത്തുനിന്നും പള്ളിയിലേക്ക് പോയ പെണ്‍കുട്ടിയെ കാണാതായത്. ഇന്നലെ പുലര്‍ച്ചെ ചാക്കുകെട്ടുമായി അടൂര്‍മലയില്‍ നിന്നും കോളപ്ര ഭാഗത്തേക്ക് വരുന്ന വഴി തെരച്ചിലിലേര്‍പ്പെട്ടിരുന്ന പോലീസിന്റെ മുന്നില്‍ പെടുകയായിരുന്നു. ആളെ തിരിച്ചറിയാതിരിക്കാനാണ് ചാക്കുകെട്ടു ചുമന്ന് മലയിറങ്ങിയത്. പോലീസിനെ കണ്ണില്‍പ്പെട്ടതോടെ രണ്ടു പേരും രണ്ടുവഴിക്ക് ഓടി മറഞ്ഞു. തീര്‍ത്തും അവശനിലയിലായിരുന്ന പെണ്‍കുട്ടി ശരംകുത്തി ഭാഗത്തുള്ള ഒരു വീട്ടിലെത്തി വാതിലില്‍ മുട്ടിവിളിച്ച് കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു.
വീട്ടുകാര്‍ പെണ്‍കുട്ടിക്ക് ഭക്ഷണം നല്‍കി വിശ്രമിക്കാനുള്ള സൗകര്യം ചെയ്തു കൊടുത്തു. പാറയിടുക്കുകളിലും വലിയ മരച്ചുവട്ടിലുമാണ് കഴിഞ്ഞിരുന്നതെന്ന് പെണ്‍കുട്ടി ഇവരോട് പറഞ്ഞു. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു.