കെ.പി.സി.സി അധ്യക്ഷനാകാനില്ലെന്ന് ഉമ്മന്‍ചാണ്ടി

    തിരുവനന്തപുരം: വി.എം സുധീരന്‍ രാജിവെച്ച കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേയ്ക്ക് താനില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഔദ്യോഗിക സ്ഥാനങ്ങളൊന്നും ഏറ്റെടുക്കില്ലെന്ന് താന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നയാണെന്നും താന്‍ ഒരു തീരുമാനമെടുത്താല്‍ അത് എന്നെങ്കിലും മാറ്റിയിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

    രാജിക്കാര്യത്തെ കുറിച്ച് സുധീരന്‍ തന്നോട് പറഞ്ഞിരുന്നില്ല. സുധീരന്‍ രാജിവെച്ചു എന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുമ്പോഴാണ് അറിയുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയില്‍ സുധീരന്‍ തന്റെ കഴിവിന് അനുസരിച്ച് പ്രവര്‍ത്തിച്ചു. വീഴ്ചയെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന സുധീരനെ രണ്ടു ദിവസം മുന്‍പ് അദ്ദേഹത്തിന്റെ വീട്ടിലെത്തി കണ്ടിരുന്നുവെങ്കിലും രാഷ്ട്രീയ കാര്യങ്ങളൊന്നും സംസാരിച്ചിരുന്നില്ലെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.