മാതാപിതാക്കള്‍ സ്മാര്‍ട്ട് ഫോണ്‍ വാങ്ങി നല്‍കിയില്ല; പതിനെട്ടുകാരന്‍ ജീവനൊടുക്കി

ജയ്പൂര്‍ : സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങി നല്‍കാത്തതില്‍ മനംനൊന്ത് പതിനെട്ടുകാരന്‍ ജീവനൊടുക്കി. രാജസ്ഥാനിലെ ബണ്ടി ജില്ലയിലെ പരാന ഗ്രാമത്തിലാണ് ഒന്‍പതാം€ാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയത്.

മാതാപിതാക്കള്‍ മൊബൈല്‍ ഫോണ്‍ വാങ്ങിനല്‍കാന്‍ വിസമ്മതിച്ചതോടെ കുട്ടി വഴക്കിട്ട് വീട്ടില്‍ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു. സഹോദരനൊപ്പമാണ് വിദ്യാര്‍ത്ഥി വീടുവിട്ടിറങ്ങിയത്. തുടര്‍ന്ന് സഹോദരനെ സാക്ഷിയാക്കി സമീപത്തുള്ള ഒരു പാറക്കെട്ടിന് മുകളില്‍ നിന്നും ചാടുകയായിരുന്നു. പാറക്കെട്ടില്‍ നിന്നും ചാടുന്നതിന് തൊട്ടു മുന്‍പ് ‘ഞാന്‍ മരിക്കാന്‍ പോകുകയാണ്’ എന്ന് ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ടായിരുന്നു. ഇതുകേട്ട സഹോദരന്‍ പരിഭ്രാന്തനായി അവിടെ നിന്നും ഓടുകയും മാതാപിതാക്കളെ വിവരം അറിയിക്കുകയുമായിരുന്നു. മധ്യപ്രദേശിലെ അലിരാജ്പൂര്‍ സ്വദേശികളായ കുടുംബം മക്കള്‍ക്ക് ഫീസ് അടയ്ക്കാന്‍ പോലും കഴിയാതെ വന്നതോടെയാണ് രാജസ്ഥാനിലേയ്ക്ക് കുടിയേറിയത്.

സംഭവത്തില്‍ ഡാബി പോലീസ് കേസെടുത്തു. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാതാപിതാക്കള്‍ക്ക് കൈമാറും.