സെഹ്വാൻ: പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ സൂഫി സ്മാരകത്തിനുനേർക്കുണ്ടായ ചാവേർ ആക്രമണത്തിൽ 72ല്‍ അധികംപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ലാൽ ഷഹബാസ് കലന്ധർ സൂഫി സ്മാരകത്തിനു സമീപമാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു എന്നാണ് അവസാനമായി പുറത്തു വന്നിരിക്കുന്ന വിവരം.
പ്രാർഥനകൾക്കായി വൻ ജനക്കൂട്ടം സ്മാരകത്തിനു സമീപമുണ്ടായിരുന്ന സമയമായിരുന്നു ഗേറ്റിനു സമീപം ചാവേർ പൊട്ടിത്തെറിച്ചത്. 30 പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക സ്ഥിരീകരണമെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, മരണസംഖ്യ നൂറിലേക്ക് ഉയർന്നിട്ടുണ്ടെന്ന് സെഹ്വാൻ ഡിഎസ്പി മാധ്യമങ്ങളോടു പറഞ്ഞു. സൂഫി സ്മാരകത്തിൽ സ്ത്രീകൾക്കായി വേർതിരിച്ചിരുന്ന സ്ഥലത്താണ് സ്ഫോടനമുണ്ടായതെന്നു റിപ്പോർട്ടുകളുണ്ട്.