തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ സദാചാര ഗുണ്ടായിസം തുടര്‍ക്കഥയാകുന്നതായി റിപ്പോര്‍ട്ട്. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ നിന്നാണ് ഇതുസംബന്ധിച്ച പുതിയ പരാതി ഉയര്‍ന്നിരിക്കുന്നത്.
തൃശൂര്‍ സ്വദേശിനിയായ പൂര്‍വ വിദ്യാര്‍ത്ഥിനിയെയും യുവാവിനെയും ക്യാംപസിലിട്ട് മര്‍ദിക്കുകയും ബാഗ് തട്ടിയെടുക്കുകയും ചെയ്തതായാണ് പരാതി. സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസന്വേഷണം ആരംഭിച്ചു. നാലു എസ്എഫ്ഐ പ്രവര്‍ത്തകരുടെ പേരാണ് യുവതി പരാതിയില്‍ പറഞ്ഞിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മര്‍ദിച്ച മറ്റുളളവരെ അറിയാമെന്നും വ്യക്തമാക്കിയിട്ടുണ്ട്. യുവതിക്കൊപ്പം മര്‍ദനമേറ്റ യുവാവ് നേരത്തെ ആലുവ റൂറല്‍ എസ്പിക്ക് പരാതി നല്‍കിയിരുന്നു. ഇതിലും അന്വേഷണം നടക്കുകയാണ്.
തൃശൂര്‍ സ്വദേശിനിയായ യുവതി ഒരു വര്‍ഷം മുന്‍പാണ് സര്‍വകലാശാലയില്‍ നിന്നും പഠിച്ചിറങ്ങിയത്. കഴിഞ്ഞ 21ന് നടന്ന സംഭവം പേടികൊണ്ട് പുറത്ത് പറയാതിരുന്ന ഇരുവരും കഴിഞ്ഞ ദിവസമാണ് പോലീസില്‍ പരാതി നല്‍കിയത്.
ഇപ്പോള്‍ ബംഗലുരുവില്‍ ജോലി ചെയ്യുകയാണ് യുവതി. കലോത്സവത്തിന് കൂട്ടുകാര്‍ വിളിച്ചത് പ്രകാരം വന്നതാണ്. രാത്രി പരിപാടികള്‍ കഴിഞ്ഞ് ക്യാംപസിലെ കൂത്തമ്പലത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം എത്തി. അതില്‍ ഒരു സുഹൃത്തുമൊത്ത് സംസാരിച്ചിരിക്കുമ്പോള്‍ പതിനഞ്ചോളം വരുന്ന സംഘം അടുത്തെത്തി ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് ചോദിച്ച് ഭീഷണിപ്പെടുത്തി. ഇല്ലെന്ന് പറഞ്ഞിട്ടും അവര്‍ ബാഗ് തട്ടിപ്പറിച്ചു. ലാപ്ടോപ്പും വസ്ത്രങ്ങളും ബാഗില്‍നിന്നും വലിച്ച് താഴെയിട്ട് അപമാനിച്ചു. പ്രതികരിക്കാന്‍ ശ്രമിച്ച സുഹൃത്തിനെ കൂട്ടം ചേര്‍ന്ന് അവര്‍ മര്‍ദിച്ചു. തുടര്‍ന്ന് താനും സുഹൃത്തുക്കളും അവിടെനിന്നും ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. പുലര്‍ച്ചെ 2.30നുളള ട്രെയിനില്‍ ബംഗളൂരുവിലേക്ക് പോകാനുളളതായിരുന്നു. ബാഗ് നഷ്ടപ്പെട്ടതിനാല്‍ യാത്ര മുടങ്ങി. പിന്നീട് ഒരു സുഹൃത്തുമായി ബന്ധപ്പെട്ടാണ് പിറ്റേന്ന് ബാഗ് തിരിച്ചുകിട്ടുന്നത്. പേടികൊണ്ടാണ് ആദ്യം പരാതിപ്പെടാതിരുന്നത്. ഭാവിയെ മുന്‍നിര്‍ത്തി പരസ്യമായി പ്രതികരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.