തൃശൂര്‍: യുവമോര്‍ച്ച പ്രവര്‍ത്തകന്‍ നിര്‍മ്മല്‍ കൊല്ലപ്പെട്ടത് രാഷ്ട്രീയസംഘര്‍ഷത്തിലല്ലെന്ന് പൊലീസ്. മാത്രമല്ല, നിര്‍മ്മലിന്റെ കൊലപാതകത്തില്‍ പിടിയിലായ പ്രതികളില്‍ ബി.ജെ.പി പ്രവര്‍ത്തകനും ഉള്‍പ്പെട്ടതായി പോലീസ് വ്യക്തമാക്കി. ഇതോടെ സി.പി.എം കൊലപാതക രാഷ്ട്രീയത്തിന് എതിരെ തൃശൂരില്‍ ഹര്‍ത്താല്‍ ആചരിച്ച ബി.ജെ.പി വെട്ടിലായി.
സംഭവവുമായി ബന്ധപ്പെട്ട് കൊലപാതകത്തില്‍ പങ്കുള്ള മുക്കാട്ടുകര സ്വദേശി സൂരജ്, ഊരത്ത് സിദ്ദു, പയ്യപ്പാട്ട് യേശുദാസ്, എലഞ്ഞിക്കുളം അരുണ്‍, കാഞ്ഞാലി സച്ചിന്‍ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇതില്‍ അരുണ്‍ ബിജെപിയുടെ പ്രവര്‍ത്തകനാണ്. എന്നാല്‍ ഹര്‍ത്താല്‍ നടത്തി അബദ്ധംപിണഞ്ഞ ബി.ജെ.പി അരുണിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് പ്രസ്താവനയിറക്കി തടിയൂരി.
ഫെബ്രുവരി 12ന് മണ്ണുത്തി നെല്ലങ്കരിലെ കോക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് നിര്‍മ്മല്‍ കുത്തേറ്റുമരിച്ചത്. സംഭവത്തിന് പിന്നില്‍ സി.പി.എമ്മാണെന്ന് ആരോപിച്ച് ബി.ജെ.പി തൃശൂര്‍ ജില്ലയില്‍ ഹര്‍ത്താലും നടത്തി. എന്നാല്‍ സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഇരുസംഘങ്ങള്‍ തമ്മില്‍ മുന്‍പേയുള്ള തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചതെന്നും പോലീസ് വ്യക്തമാക്കുന്നു. ഹരിപ്പാട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചതിന് പിന്നാലെ തൃശൂര്‍ ഉണ്ടായ സംഭവം രാഷ്ട്രീയ പകപോക്കലായി കേരളം മുഴുവന്‍ അവിശ്വസിച്ച സാഹചര്യത്തിലാണ് സംഭവത്തില്‍ നാടകീയ വഴിത്തിരിവ്.