ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയ്ക്ക് മുമ്പ് തന്നെ ഏവരുടെയും ശ്രദ്ധാ കേന്ദ്രം ഏറെ കാലങ്ങള്‍ക്ക് ശേഷം ടീമില്‍ മടങ്ങിയെത്തിയ യുവരാജ് സിംഗും നായക സ്ഥാനം ഒഴിഞ്ഞ ധോണിയുമായിരുന്നു. പൂനെയിലെ ആദ്യ മത്സരത്തില്‍ ഇരുവരും ഫോമായിരുന്നില്ല അതിനാല്‍ തന്നെ വിമര്‍ശകര്‍ ഇരുവര്‍ക്കും എതിരെ തിരിഞ്ഞു. അന്ന് നായകന്‍ വിരാട് കോഹ്ലിയുടെയും കേദാര്‍ ജാദവിന്റെയും സെഞ്ചുറികളായിരുന്നു ഇന്ത്യന്‍ ടീമിനെ വിജയത്തിലെത്തിച്ചത്.
പൂനെയില്‍ നിറം മങ്ങിയതോടെ കോഹ്ലിയെ വാഴ്ത്തിയും ധോണിയെ വിമര്‍ശിച്ചും നിരവധി ആള്‍ക്കാര്‍ രംഗത്തെത്തി. യുവരാജിന്റെ ഫോമും ചര്‍ച്ചയായി. എന്നാല്‍ ഇതിനൊക്കെ മറുപടി കൊടുക്കാന്‍ ഇരുവര്‍ക്കും അധികം കാത്തിരിക്കേണ്ടി വന്നില്ല. കട്ടക്കിലെ രണ്ടാം ഏകദിനത്തില്‍ കോഹ്‍ലി ഉള്‍പ്പെട്ട ഇന്ത്യന്‍ മുന്‍നിര തകര്‍ന്നപ്പോള്‍ ഇന്ത്യന്‍ ടീമിനെ കൂറ്റന്‍ സ്കോറില്‍ എത്തിച്ചത് യുവിയുടെയും മഹിയുടെയും തകര്‍പ്പന്‍ സെഞ്ചുറികളായിരുന്നു.
മൂന്ന് സിക്സും 21 ഫോറും ഉള്‍പ്പെടെ 127 പന്തില്‍ 150 റണ്‍സ് നേടിയ യുവിയും ആറ് സിക്സും 10 ഫോറും ഉള്‍പ്പെടെ 134 റണ്‍സ് നേടിയ മഹിയും ഇന്ത്യന്‍ സ്കോറിന് നട്ടെല്ലായി. 2011ല്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരെയാണ് അവസാനമായി യുവരാജ് ഒരു സെഞ്ചുറി നേടിയത്. മൊഹാലിയില്‍ 2013ലായിരുന്നു ധോണിയുടെ അവസാന സെഞ്ചുറി.
യുവരാജിന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന സ്കോറാണ് കട്ടക്കില്‍ പിറന്നത്. ഇംഗ്ലണ്ടിന്റെ ബൗളര്‍മാര്‍ എല്ലാം തന്നെ ഹയുവിയുടെയും മഹിയുടെയും ബാറ്റിന്റെ ചൂടറിഞ്ഞു. 2011ലെ ഇതിഹാസമായ ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ വിജയതീരത്ത് എത്തിച്ച കൂട്ടുകെട്ടിനെ അനുസ്‍മരിപ്പിക്കുന്നതായിരുന്നു ഇരുവരുടെയും കട്ടക്കിലെ ഇന്നിങ്‍സ്.