‘കാടുപൂക്കുന്ന നേരം’ തിയേറ്ററില്‍; നന്ദി പ്രകടനവുമായി ഡോ.ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സംസ്ഥാനത്ത് സിനിമാ പ്രതിസന്ധി നിലനില്‍ക്കുമ്പോഴും ഡോ.ബിജു സംവിധാനം ചെയ്ത കാടുപൂക്കുന്ന നേരം തിയേറ്ററുകളിലെത്തി. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയ്ക്ക് മലയാള സിനിമയില്‍ ഉണ്ടായിട്ടുള്ള ഏറ്റവും ശക്തമായ സ്ത്രീകഥാപാത്രമാണ് കാട് പൂക്കുന്ന നേരത്തിലെ റിമയുടേതെന്ന് ബിജു പറഞ്ഞു.

ചിത്രം തീയേറ്ററുകളില്‍ എത്തിക്കുന്നതിനായി സഹായിച്ച എല്ലാവരോടുമുള്ള നന്ദി സംവിധായകന്‍ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. സിനിമയുടെ ഷൂട്ടിങ്ങ് മുതല്‍ തങ്ങള്‍ക്കൊപ്പം നിന്ന സുഹൃത്ത് ആഷിഖ് അബുവിനോടുള്ള നന്ദിയും അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു. സിനിമയിലെ നടീ നടന്മാര്‍ക്കും പുറമേ ഓരോ അണിയറ പ്രവര്‍ത്തകരുടെയും പേരുകള്‍ ഡോ.ബിജു തന്റെ ഫേസ്ബുക്ക് പേജില്‍ എടുത്തു പറഞ്ഞിട്ടുണ്ട്.

‘അസമത്വങ്ങള്‍ക്കെതിരെ ..അനാവശ്യ സമരങ്ങള്‍ക്കെതിരെ ഇനി തിയറ്ററുകളില്‍ ഈ കാട് പൂക്കട്ടെ…പ്രിയ കാണികളെ ഞങ്ങള്‍ക്ക് നിങ്ങളെ പൂര്‍ണമായും വിശ്വാസമുണ്ട്..കാണികളാണ് സിനിമയില്‍ എല്ലാറ്റിനും മേലെ എന്ന് നമ്മള്‍ തെളിയിക്കും..അതിനുള്ള അവസരമാണിത്..നമ്മള്‍ അത് തെളിയിക്കുക തന്നെ ചെയ്യും.’ എന്ന് പറഞ്ഞുകൊണ്ടാണ് സംവിധായകന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.