ജെല്ലിക്കെട്ടിന് സര്‍ക്കാര്‍ അനുമതി; ബില്ല് തമിഴ്‌നാട് നിയമസഭ പാസ്സാക്കി

    ചെന്നൈ : ജെല്ലിക്കെട്ടിന് അനുമതി നല്‍കിക്കൊണ്ടുള്ള ബില്ല് തമിഴ്‌നാട് നിയമസഭ പാസ്സാക്കി. പ്രത്യേക നിയമസഭാ സമ്മേളനം ചേര്‍ന്ന് മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വമാണ് അവതരിപ്പിച്ച ബില്‍ ഏകകണ്ഠമായാണ് പാസ്സാക്കിയത്.

    ബില്‍ നിയമസഭ പാസ്സാക്കിയതോടെ ഇത് നിയമമായി മാറും. ഇനി ഗവര്‍ണ്ണറും രാഷ്ട്രപതിയും ഒപ്പു വയ്ക്കുന്നതോടെ നിയമം പ്രാബല്യത്തിലെത്തും. ജെല്ലിക്കെട്ടിന് ഏര്‍പ്പെടുത്തിയ നിരോധനം നിയമംവഴി നീക്കണമെന്ന ആവശ്യത്തില്‍ പ്രക്ഷോഭം കനക്കുന്നതിനിടെയാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഇത്തരമൊരു നീക്കം ഉണ്ടായിരിക്കുന്നത്. ഇതോടെ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലായി തുടരുന്ന പ്രക്ഷോഭത്തിന് അവസാനമാകുമെന്നാണ് പ്രതീക്ഷ.

    ഇന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോലീസും സമരക്കാരും ഏറ്റുമുട്ടിയിരുന്നു. സര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് ആരോപിച്ച സമരക്കാര്‍ ചെന്നൈയില്‍ പോലീസ് സ്‌റ്റേഷനും ഒട്ടേറെ വാഹനങ്ങള്‍ക്കും തീ വയ്ക്കുകയും പോലീസുകാരെ ആക്രമിക്കുകയും ചെയ്തിരുന്നു.