ഷാരൂഖിനെ കാണാന്‍ ശ്രമിച്ച ആരാധകന്‍ ശ്വാസം മുട്ടി മരിച്ചു

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാനെ കാണാന്‍ ആരാധകര്‍ തിക്കും തിരക്കും കൂട്ടിയതിനിടെ ഒരാള്‍ ശ്വാസം മുട്ടി മരിച്ചു. വഡോദര റെയില്‍വേ സ്‌റ്റേഷനില്‍ ഇന്നലെ രാത്രി ഷാരൂഖിനെ കാണാന്‍ ജനക്കൂട്ടം തിരക്ക് സൃഷ്ടിച്ചതിനിടെയാണ് അപകടം.

പുതിയ ചിത്രമായ ‘റയീസിന്റെ’ പ്രചരണാര്‍ത്ഥം മുംബൈയില്‍നിന്ന് ഡല്‍ഹിയിലേക്ക് പോവുകയായിരുന്നു ഷാരൂഖ്. തിങ്കളാഴ്ച രാത്രി 10.30ഓടെ ട്രെയില്‍ വഡോദര സ്‌റ്റേഷനിലെത്തി. പത്തു മിനിറ്റോളം ട്രെയിന്‍ ഇവിടെ പിടിച്ചിട്ടിരുന്നു. ട്രെയിനില്‍ ഷാരൂഖ് ഉണ്ടെന്ന വിവരം പെട്ടെന്ന പ്രചരിക്കുകയും താരത്തെ നേരില്‍ കാണാന്‍ ആരാധകര്‍ തിരക്ക് കൂട്ടുകയുമായിരുന്നു.

സിനിമാ ഏവരും കാണണെന്ന് ആരാധകരോട് ലൗഡ് സ്പീക്കറിലൂടെ താരം ആവശ്യപ്പെട്ടു. തുടര്‍ന്ന് ട്രെയിന്‍ മുമ്പോട്ട് എടുത്തപ്പോള്‍ ആരാധകര്‍ പ്ലാറ്റ്‌ഫോമിലൂടെ പിന്നാലെ ഓടി. ഇതിനിടയില്‍ താഴെവീണവരില്‍ ഒരാളാണ് മരിച്ചത്. പോലീസുകാര്‍ക്ക് അടക്കം നിരവധിപ്പേര്‍ക്ക് തിരക്കിനിടയില്‍ പരിക്കേറ്റു.