ജിജേഷ് സ്മാരകത്തില്‍ മലമൂത്ര വിസര്‍ജനം നടത്തിയ ആര്‍.എസ്.എസുകാര്‍ക്ക് കക്കൂസ് പണിതുനല്‍കാമെന്ന് എം.വി ജയരാജന്‍

കണ്ണൂര്‍: കെ.പി ജിജേഷ് സ്മാരകത്തില്‍ മലമൂത്ര വിസര്‍ജനം നടത്തിയ ആര്‍.എസ്.എസുകാര്‍ക്ക് സ്വന്തമായി കക്കൂസില്ലെങ്കില്‍ പുതിയ പദ്ധതിവഴി പണിതുനല്‍കാമെന്ന് സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗം എം.വി ജയരാജന്‍. സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസം സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗിക്കുന്ന വേദിക്കു സമീപം ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞതിന് പിന്നാലെ കെ.പി ജിജേഷ് സ്മാരക മന്ദിരത്തില്‍ മലമൂത്രവിസര്‍ജനം നടത്തുകയും കരിഓയില്‍ ഒഴിക്കുകയും ചെയ്ത സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘മലമൂത്ര വിസര്‍ജനത്തിന് കക്കൂസ് ഇല്ലാത്ത നാടൊന്നുമല്ലല്ലോ നമ്മുടേത്. ഇനി അങ്ങനെയാണെങ്കില്‍ മലമൂത്രവിസര്‍ജനം നടത്തിയവരുടെ പേര് ആര്‍.എസ്.എസ് പുറത്തുവിടണം. അങ്ങനെയെങ്കില്‍ ഞങ്ങള്‍ പുതിയ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അവര്‍ക്ക് കക്കൂസ് നിര്‍മ്മിച്ചു നല്‍കും.’ ജയരാജന്‍ പറഞ്ഞു.

ആര്‍.എസ്.എസ് തടവിലാക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്ന ആര്‍.എസ്.എസ് ശാരീരിക് ശിക്ഷക് പ്രമുഖ് വിഷ്ണുവിന്റെ ആരോപണം അതീവ ഗൗരവമുള്ളതാണ്. ഡിക്ടറ്റീവ് നോവല്‍ വായിക്കുന്നതുപോലെയാണ് ആ വെളിപ്പെടുത്തല്‍. ഭിന്നാഭിപ്രായം പറഞ്ഞതിന്റെ പേരില്‍ ഒരാളെ കൊലപ്പെടുത്താന്‍ ശ്രമിക്കുക, അയാളെക്കൊണ്ട് ആത്മഹത്യക്കുറിപ്പ് തയ്യാറാക്കിക്കുക ഇതെല്ലാം വളരെ ഭീതിതമായ സാഹചര്യമാണെന്നും ജയരാജന്‍ അഭിപ്രായപ്പെട്ടു. വിഷ്ണു രക്ഷപ്പെട്ടില്ലായിരുന്നെങ്കില്‍ എന്താവുമെന്ന് ആലോചിച്ചിട്ടുണ്ടോ. ഇവിടെ അതിന്റെ പേരില്‍ സി.പി.ഐ.എമ്മിനെതിരെ കലാപം നടക്കുമായിരുന്നു. ബി.ജെ.പിയുടെ അഖിലേന്ത്യാ നേതാക്കള്‍ ഇവിടെയെത്തി വാര്‍ത്താസമ്മേളനം നടത്തുമായിരുന്നു. പി. ജയരാജനെതിരെ കേസെടുത്ത് പൊലീസ് അദ്ദേഹത്തെ അറസ്റ്റു ചെയ്തുകൊണ്ടുപോകുമായിരുന്നുവെന്നും എം.വി ജയരാജന്‍ പറഞ്ഞു.