വരാനിരിക്കുന്ന തന്റെ ബ്രഹ്മാണ്ഡ ചിത്രം ‘രണ്ടാമൂഴത്തെ’ കുറിച്ച് മോഹന്‍ലാല്‍ തന്നെ അറിയിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. എം.ടിയുടെ രണ്ടാം ഊഴം എന്ന നോവലാണ് സിനിമയാകുന്നത്. എം.ടി തന്നെയാണ് തിരക്കഥയും ഒരുക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായതായും 600 കോടി ബജറ്റിലായിരിക്കും സിനിമയെന്നും മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ചിത്രത്തില്‍ ഐശ്വര്യാ റായിയും മഞ്ജു വാര്യരും പ്രധാന റോളിലെത്തുന്നുവെന്ന വാര്‍ത്തയും കഴിഞ്ഞ ദിവസം പുറത്തുവന്നു. എന്നാല്‍ രണ്ടാമൂഴത്തിന്റെ കഥാഗതി മുഴുവന്‍ നിയന്ത്രിക്കുന്ന സുന്ദരിയായ പാഞ്ചാലിയാകുന്നത് മഞ്ചുവോ ഐശ്വര്യയോ എന്നതാണ് ആരാധകരെ ആകാംഷകൊള്ളിക്കുന്ന പുതിയ സംശയം. ഒരേ സമയം വിവിധ ഇന്ത്യന്‍ ഭാഷകളിലൊരുങ്ങുന്ന രണ്ടാമൂഴത്തില്‍ പാഞ്ചാലിയാകാന്‍ കൂടുതല്‍ സാധ്യത ഐശ്വര്യയ്ക്കു തന്നെയാണെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇവരില്‍ ആര് പാഞ്ചാലിയായാലും മറ്റെയാളുടെ കഥാപാത്രം ഏത് എന്നതും ചര്‍ച്ചയിലുണ്ട്.
ചിത്രത്തിന്റെ നിര്‍മ്മാതാവായ വിഎ ശ്രീകുമാര്‍ മേനോന്‍ ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കി. ഇന്ത്യന്‍ സിനിമയിലെ വമ്പന്‍ താരനിരതന്നെ ചിത്രത്തില്‍ അണിനിരക്കും. ഭീമനായി മോഹന്‍ലാല്‍ എത്തുമ്പോള്‍ ഭീഷ്മനായി അമിതാഭ് ബച്ചന്‍ എത്തുമെന്നാണ് വിവരം. നാഗാര്‍ജ്ജുന, വിക്രം തുടങ്ങി എല്ലാ ഭാഷയിലെയും സൂപ്പര്‍ താരങ്ങള്‍ ചിത്രത്തിലുണ്ടാകും.