‘പ്രവാസി ഭാരതീയ ദിവസിന്’ ഇന്ന് തുടക്കം

ബംഗളുരു: പ്രവാസി ഭാരതീയ ദിവസിന് ഇന്ന് ബംഗളുരുവില്‍ തുടക്കം. മൂന്ന് ദിവസത്തെ പ്രവാസി സമ്മേളനത്തില്‍ ആറായിരത്തിലധികം പ്രതിനിധികള്‍ പങ്കെടുക്കും. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മേളനത്തെ അഭിസംബോധന ചെയ്യും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചിതറിക്കിടക്കുന്ന പ്രവാസികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനും സ്വന്തം നാട്ടിലെ നിക്ഷേപ സാധ്യതകള്‍ അറിയിക്കുന്നതിനുമാണ് വിദേശകാര്യമന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ‘പ്രവാസി ഭാരതീയ ദിവസ്’ എന്ന കൂട്ടായ്മ സംഘടിപ്പിക്കുന്നത്. അതേസമയം, വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് വിശ്രമിക്കുന്ന വിദേശകാര്യമന്ത്രി സുഷമ സ്വരാജ് സമ്മേളനത്തിനെത്തിയേക്കില്ല.
ബംഗളുരുവിലെ തുംക്കൂര്‍ റോഡിലുള്ള രാജ്യന്തര എക്സിബിഷന്‍ സെന്ററില്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പ്രവാസി സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി 6346 പേരാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 1500 പ്രവാസി ഇന്ത്യക്കാരും രാജ്യത്തും വിദേശത്തുമായി മാറിമാറി താമസിക്കുന്ന നാന്നൂറ് പേരുമുള്‍പ്പെടുമെന്ന് മന്ത്രാലയം അറിയിച്ചു. സമ്മേളനത്തിന്റെ ആദ്യദിവസം രാജ്യവികസനത്തില്‍ പ്രവാസി യുവാക്കുള്‍ക്കുള്ള പങ്ക് എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും.

വിദേശകാര്യസഹമന്ത്രി വി.കെ. സിങും കേന്ദ്ര യുവജനകാര്യമന്ത്രി വിജയ് ഗോയലും സെഷന് നേതൃത്വം നല്‍കും. തെക്കന്‍ അമേരിക്കന്‍ രാജ്യമായ സുറിനാമെയുടെ ഉപരാഷ്ട്രപതി മൈക്കല്‍ അശ്വിന്‍ അധിനായിരിക്കും മുഖ്യതിഥി. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ഞായറാഴ്ചത്തെ പ്രവാസി ഭാരതീയ ദിവസിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങില്‍ പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ മുഖ്യാതിഥിയാകും. തിങ്കാഴ്ച രാഷ്ട്രപതി പ്രണാബ് മുഖര്‍ജി പങ്കെടുക്കുന്ന ചടങ്ങിലാകും പ്രവാസിഭാരതീയ സമ്മാന്‍ പുരസ്‌കാരങ്ങള്‍ നല്‍കുക.