വാടാനപ്പള്ളി : പൊലീസ് ജീപ്പിടിച്ച് ബൈക്ക് യാത്രികന്റെ കയ്യും കാലും ഒടിഞ്ഞ സംഭവത്തില്‍ വിചിത്ര വാദവുമായി പോലീസ്. അപകടത്തില്‍പ്പെട്ടത് പോലീസ്, കെ.എസ്.ആര്‍.ടി.സി വാഹനങ്ങളാണെങ്കില്‍ കേസെടുക്കാന്‍ കഴിയില്ലെന്നാണ് പോലീസിന്റെ വാദം. ഇതോടെ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് അപകടത്തില്‍പ്പെട്ടയാളുടെ ബന്ധുക്കള്‍.
തൃത്തല്ലൂര്‍ എം.എല്‍.എ വളവ് അമ്പലത്ത് ഹമീദിന്റെ മകന്‍ താജുവിനാണ് (ഷാജി 45) പോലീസ് ജീപ്പിടിച്ച് സാരമായി പരിക്കേറ്റത്. ചൊവ്വാഴ്ച വൈകീട്ട് നാലോടെ ഗണേശമംഗലം പടിഞ്ഞാറ് എം.എല്‍.എ വളവിന് സമീപം താജുവിന്റെ ബൈക്കില്‍ അമിത വേഗതയിലെത്തിയ പോലീസ് ജീപ്പ് ഇടിക്കുകയായിരുന്നു.
തെറിച്ചുവീണ താജുവിന്റെ കാലും കൈയും ഒടിഞ്ഞു. തുടര്‍ന്ന് ഓട്ടോയില്‍ ആശുപത്രിയിലേക്ക് പറഞ്ഞയച്ച് പൊലീസ് തടിതപ്പുകയായിരുന്നു. പിന്നീട് താജുവിനെ പ്രവേശിപ്പിച്ച ഏങ്ങണ്ടിയൂര്‍ എം.ഐ ആശുപത്രിയില്‍ എത്തിയ പൊലീസിനോട് ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കാന്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴായിരുന്നു വിചിത്രമായ മറുപടി. സംഭവത്തില്‍ നാട്ടുകാരും ബന്ധുക്കളും പ്രതിഷേധത്തിന് ഒരുങ്ങുകയാണ്.