തിരുവനന്തപുരം : സാശ്രയ കോളേജുകളുമായി ബന്ധപ്പെട്ട പരാതികളും ആരോപണങ്ങളും പരിശോധിക്കാനും കുറ്റകരമായ കാര്യങ്ങൾ കണ്ടെത്തിയാൽ നടപടികൾ സ്വീകരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. പാമ്പാടി തൃശൂർ നെഹ്റു എൻജിനീറിംഗ് കോളജ് വിദ്യാർത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടത്താനും സാശ്രയ സ്ഥാപനങ്ങളെ സംബന്ധിച്ച പരാതികൾ പരിശോധിക്കാനുള്ള സമിതിയെ കണ്ടെത്താനും വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിനെ ചുമതലപ്പെടുത്തിയതായും സംഭത്തിൻമേൽ നടക്കുന്ന പോലീസ് അന്വേഷണം വേഗത്തിലാക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മരണപ്പെട്ട ജിഷ്ണുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായമായി ഗവൺമെന്റ് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാർത്ഥിയുടെ മരണത്തെ തുടർന്ന് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലായി പ്രതിഷേധങ്ങൾ ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. നെഹ്റു കോളേജ് സംഭവങ്ങൾ പുറത്ത് വന്നതോട് കൂടി സാശ്രയ കോളേജുകളുമായി ബന്ധപ്പെട്ട പരാതികളുമായി നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും ഇതിനകം തന്നെ രംഗത്ത് വന്നു കഴിഞ്ഞു. പാമ്പാടി സംഭവുമായും ഇതര സാശ്രയ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട പരാതികൾ പരിശോധിക്കാൻ സർവ്വകലാശാലകളുമായി കൂടിയാലോചിച്ച് സമിതിയെ തിരഞ്ഞെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ: സി.രവീന്ദ്രനാഥ് പറഞ്ഞു.